മുംബൈ: വിവാദമായ എന്‍എസ്ഇ തട്ടിപ്പില്‍ തങ്ങള്‍ക്ക് ഒളിക്കാന്‍ ഒന്നുമില്ലെന്ന് മുന്‍ സെബി അധ്യക്ഷന്‍ അജയ് ത്യാഗി.

''ഈ കാര്യത്തില്‍ ഒളിക്കാന്‍ ഒന്നുമില്ല. ശക്തമായ അന്വേഷണം ത്വരിതഗതിയില്‍ നടത്താന്‍ സെബിയ്ക്ക് സാധിച്ചു. അന്വേഷണത്തില്‍ ഇടപെടാന്‍ സെബി ശ്രമിച്ചിട്ടുമില്ല,'' മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ ത്യാഗി പറഞ്ഞു.

എന്‍എസ്ഇ തട്ടിപ്പില്‍ സെബിയ്ക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞതിന് പുറകെയാണ് ഈ കാര്യത്തില്‍ ത്യാഗി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക്ക് എക്‌സചേഞ്ചായ എന്‍എസ്ഇയില്‍ നിയമവിരുദ്ധ പ്രവൃത്തികള്‍ നടന്നിട്ടുണ്ടെന്ന് വിസില്‍ ബ്ലോര്‍ വിളിച്ചു പറഞ്ഞപ്പോഴാണ് സെബി അറിയുന്നത്. പിന്നീട് അന്നത്തെ എന്‍എസ്ഇ നേതൃസ്ഥാനത്തുണ്ടായിരുന്ന ചിത്ര രാമകൃഷ്ണനെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്യുകയും അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു.

എന്‍എസ് ഇ തട്ടിപ്പിനെ സംബന്ധിച്ച് സെബി എടുത്ത അവസാന നടപടി സിഇഒ ചിത്ര രാമകൃഷ്ണനും സിഒഒ ആനന്ദ് സുബ്രമണ്യനും മറ്റുള്ളവര്‍ക്കും നിയന്ത്രണങ്ങളും പിഴയും ചുമത്തിയതാണ്.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്ന് ആറുവര്‍ഷത്തിനുശേഷമായിരുന്നു നടപടി. കാര്യങ്ങള്‍ ഇത്രവൈകിച്ചതിനും സെബിയ്‌ക്കെതിരെ വിമര്‍ശനമുയര്‍ന്നു.ഈ കാലയളവിലെല്ലാം അജയ് ത്യാഗിയായിരുന്നു സെബി ചെയര്‍മാന്‍.

അജയ് ത്യാഗി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് മാര്‍ച്ച് ഒന്നിന് മുന്‍ മുഴുവന്‍ സമയ ഡയറക്ടര്‍ മാധബി പുരി ബുച്ച് സെബി ചെയര്‍പേഴ്‌സണായി സ്ഥാനമേറ്റു.

Source Livenewage