മോസ്‌കോ / ന്യൂയോർക്ക്: രാജ്യാന്തര പണം കൈമാറ്റ ശൃംഖലയായ സ്വിഫ്റ്റിന് പകരമായി പുതിയ പണ വിനിമയ സംവിധാനം പുറത്തിറക്കാൻ റഷ്യ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. യുഎസും വിവിധ യൂറോപ്യൻ രാജ്യങ്ങളും കർശനമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടും സ്വിഫ്റ്റിൽ നിന്ന് റഷ്യയെ പൂർണമായി പുറത്താക്കാത്തത് ഈ സാധ്യത കണക്കിലെടുത്താണെന്ന് റിപ്പോർട്ടുകൾ പറയുന്നു. സൊസൈറ്റി ഫോർ വേൾഡ്‌വൈഡ് ഇന്റർബാങ്ക് ഫിനാൻഷ്യൽ ടെലികമ്യൂണിക്കേഷൻ എന്ന സ്വിഫ്റ്റ് സംവിധാനം ഉപയോഗിച്ചാണ് രാജ്യങ്ങൾ തമ്മിലുള്ള പണമിടപാടുകൾ നടക്കുന്നത്. മറ്റ് രാജ്യങ്ങളുമായി വ്യാപാരം ചെയ്യാനും പണം കൈമാറ്റം ചെയ്യാനുമുള്ള സൗകര്യം റദ്ദാക്കി റഷ്യയെ ഒറ്റപ്പെടുത്തുന്നതിനാണ് സ്വിഫ്റ്റിൽ നിന്നു നീക്കം ചെയ്യാനുള്ള നിർദേശം പല സമയത്തും ഉയർന്നു വന്നത്.
എന്നാൽ സ്വിഫ്റ്റിൽ നിന്ന് പുറത്താക്കിയാൽ ചൈന പോലെയുള്ള വലിയ രാജ്യങ്ങളുമായി ചേർന്ന് സമാന്തര സംവിധാനത്തിലേക്ക് റഷ്യ മാറുമെന്ന ഭയം യുഎസിനുണ്ടെന്നാണ് വിലയിരുത്തൽ. പുതിയ സംവിധാനം വന്നാൽ ഡോളർ അധിഷ്ഠിതമായ പണവിനിമയ രീതിയുടെ പ്രസക്തി കുറയും. ഇത് യുഎസിനെ കാര്യമായി ബാധിക്കും. നിലവിൽ സ്വിഫ്റ്റിനു ബദലായി റഷ്യ എസ്‌പിഎഫ്എസ് (ഫിനാൻഷ്യൽ മെസേജിങ് സിസ്റ്റം ഓഫ് ദ് ബാങ്ക് ഓഫ് റഷ്യ) എന്ന സംവിധാനം ഉപയോഗിക്കുന്നുണ്ട്. യുക്രെയ്ന്റെ ഭാഗമായിരുന്ന ക്രൈമിയ റഷ്യ പിടിച്ചടക്കിയ 2014ൽ സ്വിഫ്റ്റിൽ നിന്ന് പുറത്താക്കുമെന്ന യുഎസ് ഭീഷണിക്കു പിന്നാലെയാണ് ഇത് വികസിപ്പിച്ചത്.
രാജ്യാന്തര പണമിടപാടിന്റെ നട്ടെല്ലാണ് സ്വിഫ്റ്റ്. ബൽജിയം ആസ്ഥാനമായ കോ-ഓപ്പറേറ്റീവ് കമ്പനിയാണ് സ്വിഫ്റ്റ്. വ്യത്യസ്ത രാജ്യങ്ങളിലെ 2 ബാങ്കുകൾ തമ്മിൽ പണമിടപാട് നടത്തുന്നത് സ്വിഫ്റ്റിലൂടെയാണ്. ഇരു ബാങ്കുകളും പാർട്നർമാർ അല്ലെങ്കിലും സ്വിഫ്റ്റ് ഇടനിലയായി നിന്നു ഇടപാട് പൂർത്തിയാക്കും. 200 രാജ്യങ്ങളിലെ 11,000ലധികം സ്ഥാപനങ്ങൾ ഇതിന്റെ ഭാഗമാണ്. യുഎസിന് ശേഷം ഏറ്റവുമധികം സ്വിഫ്റ്റ് ഉപയോക്താക്കളുള്ള രാജ്യമാണ് റഷ്യ. 300ലധികം റഷ്യൻ സാമ്പത്തിക സ്ഥാപനങ്ങളും ഇതിന്റെ ഭാഗമാണ്.
സ്വിഫ്റ്റിൽ നിന്ന് റഷ്യയെ പുറത്താക്കിയാൽ തങ്ങൾക്കും ഗുരുതരമായ പ്രത്യാഘാതമുണ്ടാകും എന്നാണ് പല യൂറോപ്യൻ രാജ്യങ്ങളുടെയും വിലയിരുത്തൽ. പെട്രോളിയം ഇന്ധന ആവശ്യത്തിന് യൂറോപ്യൻ യൂണിയനും മറ്റും റഷ്യയെയാണ് കാര്യമായി ആശ്രയിക്കുന്നത്. രാജ്യാന്തര പണമിടപാട് നിലച്ചാൽ റഷ്യയിൽ നിന്നുള്ള എണ്ണ, ഗ്യാസ് വിതരണം നിലയ്ക്കും.
സ്വിഫ്റ്റിൽ നിന്ന് നീക്കിയാൽ വിദേശത്തു നിന്ന് റഷ്യയ്ക്കു പണം ലഭിക്കില്ലെന്നതുപോലെ തന്നെ തങ്ങളുടെ ഉൽപന്നങ്ങൾ മറ്റ് രാജ്യങ്ങൾക്കും ലഭിക്കില്ലെന്ന് റഷ്യൻ ഫെഡറേഷൻ കൗൺസിൽ വൈസ് സ്പീക്കർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്വിഫ്റ്റിൽ നിന്ന് പുറത്താക്കണമെങ്കിൽ അതിൽ അംഗങ്ങളായ എല്ലാ രാജ്യങ്ങളിലെയും പ്രതിനിധികളുടെ സമ്മതവും ആവശ്യമാണ്. മിക്ക രാജ്യങ്ങൾക്കും റഷ്യയുമായി വലിയ വ്യാപാരമുള്ളതിനാൽ അതുണ്ടാകില്ലെന്നാണ് അവരുടെ കണക്കുകൂട്ടൽ.
Sourcelivenewage