മുംബൈ: ഐസിഐസിഐ സെക്യൂരിറ്റീസ് മുന്‍ സിഇഒ മാദബി പുരി ബുച്ചിനെ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്ഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയര്‍പേഴ്‌സണായി നിയമിച്ച കേന്ദ്ര നടപടിയെ സ്വാഗതം ചെയ്ത് കോര്‍പ്പറേറ്റ് ലോകം.

ആദ്യമായാണ് സ്വകാര്യമേഖലയില്‍ നിന്നുള്ള വ്യക്തി സെബി ചെയര്‍മാനാകുന്നത്. സെബി ചെയര്‍പേഴ്‌സണാകുന്ന ആദ്യ വനിതയും ബുച്ചാണ്.

ഐഐഎം അഹമ്മദാബാദ് പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ബുച്ച് 2009 മുതല്‍ 2011 വരെ ഐസിഐസിഐ സെക്യൂരിറ്റീസ് സിഇഒയായിരുന്നു. പിന്നീട് സെബിയുടെ മുഴുവന്‍ സമയ അംഗമായും പ്രവര്‍ത്തിച്ചു.

കോര്‍പ്പറേറ്റ് രംഗത്ത് നിന്നുള്ള ഒരു വ്യക്തിയെ സെബി ചെയര്‍മാനായി നിയമിച്ചത് ഇരുകൈയ്യും നീട്ടിയാണ് ദലാല്‍ സ്ട്രീറ്റ് സ്വാഗതം ചെയ്യുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെബി മെമ്പറായിരിക്കെ  മ്യൂച്ചല്‍ ഫണ്ടിലും ബ്രോക്കറേജ് വ്യവസായത്തിലും പല സുപ്രധാനമായ മാറ്റങ്ങള്‍ വരുത്താന്‍ ബുച്ചിന് സാധിച്ചിരുന്നു. കടപത്രങ്ങളിലുള്ള നിക്ഷേപം ആയാസകരമാക്കിയ നടപടി ഇത്തരത്തിലുള്ളതാണ്. പ്രവര്‍ത്തനമണ്ഡലങ്ങളില്‍ മികച്ച നേട്ടങ്ങളുണ്ടാക്കുന്ന വ്യക്തിയായാണ് ബുച്ച് കോര്‍പറേറ്റ് രംഗത്ത് അറിയപ്പെടുന്നത്.

കണക്കുകളുടേയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിലയിരുത്തുകയും ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ മികച്ച ഫലങ്ങളുണ്ടാക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അവരെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രവര്‍ത്തനഫലങ്ങള്‍ കണക്കുകളില്‍ പ്രതിഫലിക്കണമെന്ന നിര്‍ബന്ധബുദ്ധിയാണ് ബുച്ചിനെ വ്യത്യസ്തയാക്കുന്നത്, മുന്‍ സെബി അംഗം പറയുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി സെബി ചെയര്‍മാനായ അജയ് ത്യാഗി വിരമിക്കുന്ന ഒഴിവിലേയ്ക്കാണ് ബുച്ച് നിയമിതയാകുന്നത്. 63 കാരനായ ത്യാഗി 2017ലാണ് സെബി ചെയര്‍മാനായി സ്ഥാനമേല്‍ക്കുന്നത്. തുടര്‍ന്ന് 2020 ല്‍ രണ്ടുവര്‍ഷം കാലാവധി നീട്ടി നല്‍കി.

സെബിയുടെ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ ബുച്ച് നേരിടാനൊരുങ്ങുന്ന പ്രധാന വെല്ലുവിളി സെബിയുടെ നിലപാടുകള്‍ മറ്റു റെഗുലേറ്ററുകള്‍ക്കുകൂടി സ്വീകാര്യമാക്കുക എന്നതായിരിക്കും. നേരത്തെ സെബിയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളായ ആര്‍ബിഐ,എഫ്എംസി എന്നിവരും തമ്മില്‍ പല കാര്യങ്ങളിലും വിയോജിപ്പുകളുണ്ടായിരുന്നു.

Source L:ivenewage