ഇന്‍ഡക്‌സ് ഫണ്ടുകളിലേക്ക് നിക്ഷേപകര്‍ ആകൃഷ്‌ടരാകുന്നതാണ് വിപണിയിലെ പുതിയ പ്രവണതയെന്നാണ് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി) നല്‍കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനുവരിയില്‍ 4916 കോടി രൂപയാണ് ഇന്‍ഡക്‌സ് ഫണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത്. ഓരോ മ്യൂച്വല്‍ ഫണ്ട് വിഭാഗത്തിലും നിക്ഷേപിക്കപ്പെടുന്ന തുക സംബന്ധിച്ച കണക്കുകള്‍ ആംഫി പുറത്തുവിടാന്‍ തുടങ്ങിയതിനു ശേഷം ഇന്‍ഡക്‌സ് ഫണ്ടുകളിലുണ്ടായ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണ് ജനുവരിയില്‍ കണ്ടത്. പ്രധാനമായും എന്‍എഫ്‌ഒ (ന്യൂ ഫണ്ട് ഓഫര്‍) കള്‍ വഴിയാണ് ഉയര്‍ന്ന തോതില്‍ നിക്ഷേപമെത്തിയത്. ആക്‌സിസ് നിഫ്‌റ്റി നെക്‌സ്റ്റ് 50 ഇന്‍ഡക്‌സ് ഫണ്ട്, നാവി നിഫ്‌റ്റി നെക്‌സ്റ്റ് 50 ഇന്‍ഡക്‌സ് ഫണ്ട്, യുടിഐ സെന്‍സെക്‌സ് ഇന്‍ഡക്‌സ് ഫണ്ട് തുടങ്ങിയ എന്‍എഫ്‌ഒകള്‍ ജനുവരിയിലാണ് വിപണിയിലെത്തിയത്.
കഴിഞ്ഞ അഞ്ച് മാസമായി ഇന്‍ഡക്‌സ് ഫണ്ടുകളിലെ നിക്ഷേപം തുടര്‍ച്ചയായി വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ആറ് മാസത്തെ ഇന്‍ഡക്‌സ് ഫണ്ടുകളിലെ ശരാശരി നിക്ഷേപം 3582 കോടി രൂപയാണ്. അതേ സമയം മുന്‍വര്‍ഷം 721 കോടി രൂപയായിരുന്നു ശരാശരി നിക്ഷേപം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്‍ഡക്‌സ് ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്‌തിയില്‍ 225 ശതമാനം വര്‍ധനയാണുണ്ടായത്. ജനുവരി 31ലെ കണക്ക് പ്രകാരം 49,905 കോടി രൂപയാണ് ഇന്‍ഡക്‌സ് ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്‌തി.
ഫണ്ട് മാനേജര്‍മാര്‍ സജീവമായി കൈകാര്യം ചെയ്യുന്ന ഫണ്ടുകള്‍, പ്രത്യേകിച്ച് ലാര്‍ജ്‌കാപ് ഫണ്ടുകള്‍ ഓഹരി സൂചികയെ വെല്ലുന്ന നേട്ടം കൈവരിക്കുന്നതില്‍ പരാജയപ്പെടുന്നതാണ് ഇന്‍ഡക്‌സ് ഫണ്ടുകളിലേക്ക് നിക്ഷേപകര്‍ തിരിയുന്നതിന് പ്രധാന കാരണം. അടിസ്ഥാന സൂചികക്ക് തുല്യമായ നേട്ടം നല്‍കുന്ന ഇന്‍ഡക്‌സ് ഫണ്ടുകള്‍ക്ക് ചെലവ് കുറവാണെന്ന സവിശേഷതയുമുണ്ട്. ഒരു വിഭാഗം മ്യൂച്വല്‍ ഫണ്ടുകള്‍ക്കു ഓഹരി സൂചികകളായ നിഫ്‌റ്റിയെയും സെന്‍സെക്‌സിനെയും ഭേദിക്കുന്ന നേട്ടം നല്‍ കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. അടിസ്ഥാനമാക്കിയിരിക്കുന്ന മേഖലക്ക് ചേര്‍ന്നുനില്‍ക്കുന്ന നേട്ടം ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യ മായ നിക്ഷേപ ഉല്‍പ്പന്നങ്ങളാണ് ഇന്‍ഡക്‌സ് ഫണ്ടുകള്‍. നിഫ്‌റ്റി, സെന്‍സെക്‌സ്, നിഫ്‌റ്റി നെക്‌സ്റ്റ് 50 തുടങ്ങിയ സൂചികകളെ അടിസ്ഥാനമാക്കിയിരിക്കുന്ന ഇന്‍ഡക്‌സ് ഫണ്ടുകളിലാണ് പ്രധാനമായും നിക്ഷേപമെത്തുന്നത്. ഒപ്പം മിഡ്‌കാപ്, സ്‌മോള്‍ കാപ് ഇന്‍ഡക്‌സ് ഫണ്ടുകളിലും ചില പ്രത്യേക തീമുകളെ അടിസ്ഥാനമാക്കിയുള്ള തീമാറ്റിക് ഫണ്ടുകളിലും നിക്ഷേപകര്‍ താല്‍പ്പര്യം കാട്ടുന്നു.
Source : Livenewage