ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ പലിശ നിരക്ക് നിശ്ചയിക്കുന്നതിന് മാര്‍ച്ച് ആദ്യവാരത്തില്‍ യോഗം ചേരും. 2019-20 സാമ്പത്തിക വര്‍ഷം മുതല്‍ ഇപിഎഫ് വരിക്കാര്‍ക്ക് 8.5ശതമാനം പലിശയാണ് നല്‍കിവരുന്നത്. നിലവില്‍ 6.44 കോടി അംഗങ്ങളാണ് ഇപിഎഫിലുള്ളത്.1.8 ലക്ഷം കോടി രൂപയാണ് ഓരോവര്‍ഷവും നിക്ഷേപമായെത്തുന്നത്. ഇക്വിറ്റിയിലും ഡെറ്റിലുമായി 85:15 അനുപാതത്തിലാണ് നിലവില്‍ ഇപിഎഫ്ഒ നിക്ഷേപം ക്രമീകരിച്ചിട്ടുള്ളത്.
2015 മുതലാണ് ഓഹരി ഇടിഎഫുകളില്‍ നിക്ഷേപം തുടങ്ങിയത്. ഇടിഎഫിലെ നിക്ഷേപത്തില്‍നിന്ന് ഉയര്‍ന്ന ആദായം ലഭിക്കുന്നതുകൊണ്ടാണ് മറ്റ് നിക്ഷേപ പദ്ധതികളെ അപേക്ഷിച്ച് കൂടുതല്‍ പലിശ നല്‍കാന്‍ ഇപിഎഫ്ഒയ്ക്ക് കഴിയുന്നത്. ഇപിഎഫ്ഒ ബോര്‍ഡ് യോഗ നിര്‍ദേശം പരിഗണിച്ചാണ് ഓരോവര്‍ഷവും തൊഴില്‍ മന്ത്രാലയം ഇപിഎഫ് നിക്ഷേപത്തിന്റെ പലിശ നിശ്ചയിക്കുന്നത്. അടിസ്ഥാന ശമ്പളത്തിന്റെ 12ശതമാനമാണ് ജീവനക്കാരന്‍ ഇപിഎഫിലേയ്ക്ക് അടയ്ക്കുന്നത്. തൊഴിലുടമയാകട്ടെ വിഹിതത്തിന്റെ 3.67ശതമാനം ഇപിഎഫിലേയ്ക്കും ബാക്കിയുള്ള 8.33ശതമാനം എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിലേയ്ക്കുമാണ് അടയ്ക്കുന്നത്. ഇപിഎസ് നിക്ഷേപത്തില്‍നിന്നാണ് വിരമിച്ചശേഷം ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നത്.
Source : Livenewage