കാലത്തിനൊത്ത് കോലം മാറണം. ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഇതിനുള്ള പുറപ്പാടിലാണ്. ലോകം ഒന്നടങ്കം ഡിജിറ്റല്‍ കറന്‍സികളുടെ സാധ്യത തേടുന്നതിനിടെ നോണ്‍ ഫംജിബിള്‍ ടോക്കണ്‍, ക്രിപ്‌റ്റോകറന്‍സി മാര്‍ക്കറ്റുകളിലേക്ക് ചുവടുവെയ്ക്കാനുള്ള കരുനീക്കം ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ആരംഭിച്ചു. ഓഹരി വില്‍പ്പനയ്ക്ക് സമാനമായി എന്‍എഫ്ടി, ക്രിപ്‌റ്റോകറന്‍സി വില്‍പ്പനയ്ക്ക് വേദിയൊരുക്കുകയാണ് ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പുതിയ ലക്ഷ്യം.

ഇതിന്റെ ഭാഗമായി വിവിധ ബ്ലോക്ക്‌ചെയിനുകളിലും ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളിലും സേവനങ്ങളിലും 'എന്‍വൈഎസ്ഇ' എന്ന പേര് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് തുടങ്ങി. വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മന്റഡ് റിയാലിറ്റി സോഫ്റ്റ് വെയര്‍, നോണ്‍ ഫംജിബിള്‍ ടോക്കണുകള്‍, ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസുകള്‍ അടക്കമുള്ള എല്ലാ മേഖലകളിലും എന്‍വൈഎസ്ഇ എന്ന ട്രേഡ്മാര്‍ക്ക് പേര് സ്വന്തമാക്കാന്‍ യുഎസ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസിനെ ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സമീപിച്ചിട്ടുണ്ട്.

ക്രിപ്‌റ്റോകറന്‍സികള്‍ക്കും നോണ്‍ ഫംജിബിള്‍ ടോക്കണുകള്‍ക്കുമായി പുതിയ എക്‌സ്‌ചേഞ്ച് സ്ഥാപിക്കാനുള്ള പദ്ധതിയും ഇവര്‍ മറച്ചുവെക്കുന്നില്ല. നീക്കം യാഥാര്‍ത്ഥ്യമായാല്‍ ഓപ്പണ്‍സീ, റാറിബിള്‍ തുടങ്ങിയ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളോടാണ് ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മത്സരിക്കുക. ഫെബ്രുവരി 10 -ന് സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിങ്ങില്‍ എന്‍വൈഎസ്ഇയുടെ പേരില്‍ പുതിയ ക്രിപ്‌റ്റോകറന്‍സി അവതരിപ്പിക്കാനുള്ള ആലോചന ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വെളിപ്പെടുത്തി. ആദ്യഘട്ടത്തില്‍ നോണ്‍ ഫംജിബിള്‍ ടോക്കണുകളുടെ വ്യാപാരത്തിനായിരിക്കും ഇവര്‍ പ്രഥമ പരിഗണന കൊടുക്കുക.

ഇതേസമയം, ഡിജിറ്റല്‍ അസറ്റ് രംഗത്ത് പെട്ടെന്നു കടന്നുവരാനുള്ള തിടുക്കമൊന്നും ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനില്ല. ഔദ്യോഗിക പ്രസ്താവനയില്‍ എക്‌സ്‌ചേഞ്ച് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ക്രിപ്‌റ്റോ, എന്‍എഫ്ടി രംഗം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. ഡിജിറ്റല്‍ അസറ്റ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുന്നതിനെ കുറിച്ചുള്ള ആലോചന തുടരുന്നു. ട്രേഡ്മാര്‍ക്കുകള്‍ വഴി ഭൗതിക സ്വത്തവകാശം സംരക്ഷിക്കുകയാണ് പ്രഥമ ഉദ്ദേശ്യം, പ്രസ്താവനയില്‍ ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് പറയുന്നു. നിലവില്‍ ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് സമാനമായി നിരവധി പ്രമുഖ കമ്പനികള്‍ ബ്ലോക്ക്‌ചെയിന്‍, നോണ്‍ ഫംജിബിള്‍ ടോക്കണുകളുടെ ലോകത്ത് ബ്രാന്‍ഡ് മുദ്ര പതിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.

ക്രിപ്‌റ്റോകറന്‍സികളുടെ കാര്യം പറയുകയാണെങ്കില്‍ ബുധനാഴ്ച്ച ബിറ്റ്‌കോയിന്‍ അടക്കമുള്ള ഡിജിറ്റല്‍ കോയിനുകള്‍ ഉയര്‍ച്ചയുടെ പാതയിലാണ്. രാവിലെ 44,000 ഡോളറിന് മുകളിലാണ് ബിറ്റ്‌കോയിന്റെ നില്‍പ്പ്. നേരത്തെ, 2021 നവംബറില്‍ 69,000 ഡോളര്‍ വരെയും കുതിക്കാന്‍ ബിറ്റ്‌കോയിന് സാധിച്ചിരുന്നു. അന്നത്തെ മുന്നേറ്റത്തിന് ശേഷം 35 ശതമാനത്തിലേറെ തിരുത്തല്‍ ബിറ്റ്‌കോയിനില്‍ സംഭവിച്ചു. ബുധനാഴ്ച്ച എഥീറിയം ബ്ലോക്ക്‌ചെയിനില്‍ അധിഷ്ഠിതമായ ഈഥര്‍ 3 ശതമാനം ഉയര്‍ച്ച അറിയിക്കുന്നുണ്ട്. 3,100 ഡോളര്‍ നിലവാരത്തിലാണ് കോയിന്റെ ഇന്നലത്തെ ഇടപാടുകള്‍.

മറ്റൊരു പ്രമുഖ ക്രിപ്‌റ്റോകറന്‍സിയായ ബൈനാന്‍സ് കോയിന്‍ 4 ശതമാനം ഉയര്‍ന്ന് 430 ഡോളറിലേക്കും ഇന്നെത്തി. ഡോജ്‌കോയിനിലും ഷിബ ഇനുവിലും 2 ശതമാനത്തോളം കുതിപ്പ് കാണാം. അവലാഞ്ചെ, സ്‌റ്റെല്ലാര്‍, സോളാന, കാര്‍ഡാനോ, പോളിഗണ്‍, എക്‌സ്ആര്‍പി, പോള്‍ക്കഡോട്ട്, ടെറ കോയിനുകളും കഴിഞ്ഞ 24 മണിക്കൂറിനിടെ നേട്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്.

Source : Livenewage