ന്യൂഡൽഹി: ഫെബ്രുവരി മാസത്തെ വിൽപ്പനയിൽ നേട്ടമുണ്ടാക്കി കിയ ഇന്ത്യ, വില്പന 8.5 ശതമാനം വർധിച്ച് 18,121 യൂണിറ്റായി ഉയർന്നതായി കമ്പനി അറിയിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വാഹന നിർമ്മാതാവ് 16,702  യൂണിറ്റുകളാണ് വില്പന നടത്തിയിരുന്നത്.

ഇന്ത്യൻ വിപണയിൽ തങ്ങളുടെ ഉത്പന്നങ്ങൾ സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്നും, രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അഞ്ച് കാർ നിർമ്മാതാക്കളിൽ ഒന്നായി കിയ തുടരുന്നതായും കമ്പനി അറിയിച്ചു. 

കിയയുടെ മൊത്തത്തിലുള്ള വിൽപ്പനയിൽ സെൽറ്റോസ് ഒന്നാം സ്ഥാനത്തുതന്നെ തുടരുന്നു, 6,575 യൂണിറ്റുകൾ ആണ് വിറ്റത്‌. സോനെറ്റും കാർണിവലും യഥാക്രമം 6,154, 283 യൂണിറ്റുകൾ സംഭാവന ചെയ്തു. ഫെബ്രുവരി പകുതിയോടെ ആരംഭിച്ച 'കാരൻസ്' ഡിസ്പാച്ചുകൾ 5,109 യൂണിറ്റായി ഉയർന്നു.

"കാരെൻസിന്റെ സമാരംഭത്തോടെ, പുതിയ ഉയരങ്ങളിലെത്താനും ഇന്ത്യയിൽ ഞങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനും ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ആനന്ദപുര  പ്ലാന്റിൽ അടുത്തിടെ ആരംഭിച്ച മൂന്നാം ഷിഫ്റ്റിലൂടെ ഞങ്ങളുടെ എല്ലാ മോഡലുകളുടെയും കാത്തിരിപ്പ് സമയം കുറയ്ക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നതായും" കിയ ഇന്ത്യ ചീഫ് സെയിൽസ് ഓഫീസർ യുങ്-സിക് സോൺ പറഞ്ഞു. 

എന്നിരുന്നാലും, ആഗോളതലത്തിൽ മറ്റ് കാർ നിർമ്മാതാക്കളെപ്പോലെ അർദ്ധചാലക ക്ഷാമം കമ്പനിയെ സംബന്ധിച്ചിടത്തോളം ഒരു ആശങ്കയായി തുടരുന്നു, “വരുന്ന രണ്ടാം പാദം മുതൽ വിതരണ ശൃംഖലയിൽ പുരോഗതി ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായും" അദ്ദേഹം കൂട്ടിച്ചേർത്തു.

വരുന്ന വർഷത്തിൽ 3 ലക്ഷത്തിലധികം യൂണിറ്റുകൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്നു, അതിനായി അടുത്തിടെ പ്ലാന്റിൽ മൂന്നാം ഷിഫ്റ്റ് ആരംഭിക്കുകയും ചെയ്തു.

source livenewage