ദില്ലി: സ്പെക്ട്രം ലേലം കഴിഞ്ഞാലുടൻ 5ജി സേവനം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് എയർടെൽ. ഒരു ടെക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഭാരതി എയർടെൽ സി ടി ഒ ആയ രൺദീപ് ശെഖാനാണ് ഇക്കാര്യം പറഞ്ഞത്. സ്പെക്ട്രം ലേലം കഴിഞ്ഞാൽ 2 - 3 മാസത്തിനുള്ളിൽ തന്നെ എയർടെലിന്റെ ഉപഭോക്താക്കൾക്ക് 5ജി നെറ്റ്‌വർക്കിന്റെ വേഗതയും കാര്യക്ഷമതയും ആസ്വദിക്കാനാവും.

തുടക്കം മുതൽ പ്രവർത്തനം ടോപ് ഗിയറിലേക്ക് മാറ്റി 5ജി സേവന രംഗത്ത് ആധിപത്യം നേടാനാണ് എയർടെലിന്റെ ശ്രമം. റിലയൻസ് ജിയോ ഈ രംഗത്ത് ഭാരതി എയർടെലിന് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഒരു മത്സരമായി കണ്ടുകൊണ്ടല്ല, മറിച്ച് വേഗത്തിൽ ഉപഭോക്താക്കൾക്ക് സൗകര്യം എത്തിക്കാനാണ് ശ്രമമെന്ന് ശെഖാൻ വ്യക്തമാക്കിയെങ്കിലും അടിസ്ഥാനപരമായി ഇന്ത്യയിൽ ടെലികോം രംഗത്തുള്ള കടുത്ത മത്സരത്തിന്റെ പ്രതിഫലനം കൂടിയാണ് ഇത് വ്യക്തമാക്കുന്നത്.

എയർടെൽ 5ജി താരിഫുകൾ 4ജിയുടേതിന് തുല്യമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ഇക്കാര്യത്തിൽ സേവനം ലഭിച്ചുകഴിഞ്ഞാലേ കൂടുതൽ വ്യക്തത വരികയുള്ളൂ

Source Livenewage