ദില്ലി: രാജ്യത്ത് ഉൽപ്പാദനം തുടങ്ങി ആദ്യ വർഷം തന്നെ 10000 കോടി രൂപയുടെ കയറ്റുമതി നേട്ടം സ്വന്തമാക്കി ആപ്പിൾ. ഇതിന് പുറമെ ഇന്ത്യയിലെ ആഭ്യന്തര വിപണിയിലേക്കുള്ള 80 ശതമാനത്തോളം ഇന്ത്യയിൽ തന്നെ നിർമ്മിച്ച് നൽകാനായതും കമ്പനിയ്ക്ക് നേട്ടമായി. ഒരു വർഷം മുൻപ് ആഭ്യന്തര വിപണിയുടെ 15 ശതമാനം മാത്രമായിരുന്നു ആപ്പിളിന് തദ്ദേശീയ ഉൽപ്പാദനത്തിൽ നിന്ന് നൽകാനായത്.

2022 സാമ്പത്തിക വർഷത്തിലെ നേട്ടം കമ്പനിക്ക് വരും കാലത്തേക്ക് പുതിയ പ്രതീക്ഷകളാണ് നൽകുന്നത്. ആഭ്യന്തര വിപണിയിലും വിദേശ വിപണിയിലും ഇന്ത്യയിൽ നിന്നുള്ള ഉൽപ്പാദനത്തിലൂടെ കൂടുതൽ നേട്ടമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചേക്കും. രാജ്യത്ത് മൂന്ന് കരാർ നിർമ്മാതാക്കളാണ് കമ്പനിക്കുള്ളത്. ഇവരിൽ വിസ്ത്രോൺ, ഫോക്സ്കോൺ ഹോൻ ഹെ എന്നിവരാണ് കമ്പനിക്ക് വമ്പൻ നേട്ടം എത്തിപ്പിടിക്കാൻ സഹായിച്ചത്. പെഗാട്രോൺ ആണ് ആപ്പിളിന് വേണ്ടി ഇന്ത്യയിൽ ആപ്പിൾ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള മൂന്നാമത്തെ കരാർ ഒപ്പുവെച്ച കമ്പനി. ഇവരുടെ പ്ലാന്റിൽ ഉൽപ്പാദനം ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കും.

കർണാടകത്തിലാണ് വിസ്ത്രോൺ പ്ലാന്റ്. തമിഴ്നാട്ടിലാണ് ഫോക്സ്കോൺ പ്ലാന്റ്. ഇവിടങ്ങളിൽ നിന്ന് എസ്ഇ 2020, ഐഫോൺ 11, ഐഫോൺ 12 എന്നിവയാണ് ഉൽപ്പാദിപ്പിച്ച് അയച്ചത്. ഫോക്സ്കോൺ ഉടൻ ഐഫോൺ 13 ന്റെ ഉൽപ്പാദനം തുടങ്ങുമെന്നാണ് വിവരം. 2020 ഏപ്രിലിലാണ് വമ്പൻ കമ്പനികളെ ലക്ഷ്യമിട്ട് ഇന്ത്യയിൽ പിഎൽഐ സ്കീം തുടങ്ങിയത്. ഓഗസ്റ്റിലാണ് തെരഞ്ഞെടുക്കപ്പെട്ട കമ്പനികൾ ഉൽപ്പാദനം ആരംഭിച്ചത്.

ഇന്ത്യയിൽ നിന്നുള്ള ഉൽപ്പാദനം കൂടുതൽ ലാഭകരമാവുകയാണെങ്കിൽ ഭാവിയിൽ കയറ്റുമതി ലക്ഷ്യമിട്ട് ആപ്പിൾ ഇന്ത്യയിൽ കേന്ദ്രീകരിക്കാനുള്ള സാധ്യതകളുമുണ്ട്. ഇന്ത്യയെ സ്മാർട്ട്ഫോണുകളുടെ കയറ്റുമതി ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യമാണ് കേന്ദ്ര വാണിജ്യ - വ്യവസായ മന്ത്രാലയത്തിന്.

Source Livenewage