ന്യൂഡൽഹി: 28 ദിവസം കാലാവധിയിലുള്ള മൊബൈൽ റീച്ചാർജ് പ്ലാനുകൾ വിറ്റ് ടെലികോം കമ്പനികൾ അധികലാഭം നേടുന്നുവെന്ന പരാതികൾക്കു പിന്നാലെ നിർണായക നിയമഭേദഗതിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന ഒരു റീചാർജ് പ്ലാനെങ്കിലും (പ്ലാൻ വൗച്ചർ,സ്പെഷൽ താരിഫ് വൗച്ചർ,കോംബോ വൗച്ചർ) എല്ലാ ടെലികോം സേവനദാതാക്കളും നൽകണമെന്ന് ട്രായ് ഉത്തരവിട്ടു.

30 ദിവസം വാലിറ്റിഡിറ്റിയുള്ള (കാലാവധി) ഒരു പ്ലാനും നൽകണമെന്ന് നിർദേശമുണ്ട്. ഇതിനായി 1999ലെ ടെലികമ്യൂണിക്കേഷൻ താരിഫ് ഓർഡറാണ് ഭേദഗതി ചെയ്തത്.

നിലവിൽ പ്രതിമാസ റീചാർജ് ആയി ലഭിക്കുന്നത് 28 ദിവസത്തെ കാലാവധിയുള്ള പ്ലാനുകളാണ്. ഇത് കൂടുതൽ പണം ഈടാക്കാനുള്ള വളഞ്ഞ വഴിയാണെന്ന പരാതികൾ ഉയർന്നതിനു പിന്നാലെയാണ് ട്രായ് ഇത് സംബന്ധിച്ച പൊതുജനാഭിപ്രായം സ്വീകരിച്ചത്. ടെലികോം കമ്പനികളോട് അടക്കം കൂടിയാലോചന നടത്തുകയും ചെയ്തു.

28 ദിവസം കാലാവധിയാണ് പ്രതിമാസ പ്ലാനുകൾക്കുള്ളതെങ്കിൽ ഒരു വർഷം 12 തവണ റീചാർജ് ചെയ്യേണ്ട സ്ഥാനത്ത് 13 തവണ റീചാർജ് ചെയ്യേണ്ടി വരും. 28 ദിവസമാണ് ഒരു മാസമെന്നു കണക്കാക്കിയാൽ ഒരു വർഷം 13 മാസമുണ്ടാകും (365/13=28.07). ചുരുക്കത്തിൽ ഓരോ വർഷവും ഒരു മാസത്തെ പണം അധികമായി ടെലികോം കമ്പനികൾക്ക് ലഭിക്കുമെന്നാണ് പരാതി. എന്നാൽ 28 ദിവസത്തെ റീചാർജ് പ്ലാൻ പ്രതിമാസ പ്ലാനുകളായി ഒരു ടെലികോം കമ്പനിയും അവതരിപ്പിച്ചിട്ടില്ലെന്നും കാലാവധിയുടെ കാര്യത്തിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ട്രായ് നിരീക്ഷിച്ചു. ഇക്കാരണത്താലാണ് 28 ദിവസം പ്ലാനുകൾ നിർത്തലാക്കാത്തത്. ഇതിനു പകരം ഉപയോക്താക്കളുടെ ആശങ്കകളും പരാതികളും കണക്കിലെടുത്താണ് എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന റീചാർജ് പ്ലാനുകൾ അധികമായി വേണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. ഇതനുസരിച്ച് ഒരു വർഷം 12 തവണ പ്രതിമാസ റീചാർജ് ചെയ്താൽ മതിയാകും.

ഉദാഹരണത്തിന് 338 രൂപയുടെ 28 ദിവസ കാലാവധിയുള്ള റീചാർജ് പ്ലാൻ ഒരു വർഷം മുഴുവൻ ഉപയോഗിച്ചാൽ 4,394 രൂപയാകുമെങ്കിൽ എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന പ്ലാൻ വന്നാൽ 12 മാസത്തെ തുകയായ 4,056 രൂപയേ ചെലവാകൂ. ആളുകൾക്ക് താരിഫ് സംബന്ധമായി കൂടുതൽ മെച്ചപ്പെട്ട തീരുമാനം എടുക്കാൻ തീരുമാനം വഴിവയ്ക്കുമെന്ന് ട്രായ് അഭിപ്രായപ്പെട്ടു.

Source : Livenewage