മുംബൈ: ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ ലിമിറ്റഡിന്റെ പ്രമുഖ ഇ-കൊമേഴ്‌സ് ബ്രാന്‍ഡായ ജെയ്‌പോരിന്റെ കേരളത്തിലെ ആദ്യ റീട്ടെയില്‍ സ്റ്റോര്‍ കൊച്ചി ലുലു മാളില്‍ ആരംഭിച്ചു. ജെയ്‌പോരിന്റെ രണ്ട് സ്റ്റോറുകള്‍ കൂടി ഈയിടെ ബെംഗളൂരുവില്‍ തുറന്നിരുന്നു. ഇന്ത്യയിലെ ഏറ്റവും മനോഹരമായ കരകൗശല വസ്തുക്കളുടെ ശ്രേണിയാണ് ജെയ്‌പോര്‍. ജെയ്‌പോരിന്റെ പുതിയ ഓഫ്ലൈന്‍ ഐഡന്റിറ്റി ഇന്ത്യന്‍ പരമ്പരാഗത കരകൗശലങ്ങളുടെയും കലാരൂപങ്ങളുടെയും സൂക്ഷ്മമായ സങ്കീര്‍ണതകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്, ഇത് പുതിയ സ്റ്റോറിന്റെ സൗന്ദര്യത്തിലും പ്രതിഫലിപ്പിക്കുന്നു. രാജ്യത്തിന്റെ ഉന്നതമായ കരകൗശല ഹാന്‍ഡ്‌ലൂം പാരമ്പര്യം വിളിച്ചോതുന്ന മാസ്റ്റര്‍പീസുകളും ഉല്‍പ്പന്നങ്ങളുമാണ് ജെയ്‌പോര്‍ റീട്ടെയില്‍ സ്റ്റോറില്‍ അവതരിപ്പിച്ചിട്ടുള്ളത്.
ഇന്ത്യയുടെ സമ്പന്നമായ കരകൗശല, ടെക്‌സ്റ്റൈല്‍ പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ജെയ്പോര്‍ ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ എപ്പോഴും മുന്നിലുണ്ട്. പുതിയ റീട്ടെയിലിലൂടെ രാജ്യത്തെ മികച്ച കരകൗശല അധിഷ്ഠിത ഡിസൈനുകള്‍ കണ്ടെത്താനും അവതരിപ്പിക്കാനുമുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ബോധപൂര്‍വമായ മുന്നേറ്റമാണെന്നും ജെയ്‌പോരിന്റെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പ്രദേശിക താല്‍പര്യങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും പുതിയ സ്റ്റോറിലെ ശേഖരങ്ങളെന്നും ഇവിടുത്തെ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ വര്‍ണങ്ങളും ഉല്‍പ്പന്നങ്ങളുമാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും പുതിയ സ്റ്റോറില്‍ കൊച്ചിയിലെ ആളുകളും ആവേശഭരിതരാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ക്ക് സമാനതകളില്ലാത്ത ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുമെന്നും ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ ലിമിറ്റഡ്, ജെയ്‌പോര്‍ ബിസിനസ് മേധാവി രശ്മി ശുക്ല പറഞ്ഞു.
സ്റ്റുഡിയോ ലോട്ടസുമായി ചേര്‍ന്നാണ് സ്റ്റോര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജെയ്‌പോരിന്റെ ഇ-കൊമേഴ്‌സ് വേരുകളില്‍ നിന്നും പാഠം ഉള്‍കൊണ്ട് പുതിയ സ്റ്റോറില്‍ ഡിജിറ്റലും റീട്ടെയിലും സുന്ദരമായി സംയോജിപ്പിച്ചിരിക്കുന്നു. പ്രത്യേക വിഭാഗങ്ങളായി തിരിച്ചാണ് സ്റ്റോര്‍ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഓരോ ഉല്‍പ്പന്നത്തിനും ശ്രദ്ധ ലഭിക്കും. ആധുനികവും പരമ്പരാഗതവുമായാണ് സ്റ്റോറിന്റെ അകത്തളം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കേരളത്തിലെ പരമ്പരാഗത വീടുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട്. സ്റ്റോറിലെ അലങ്കാര വസ്തുക്കള്‍ തെരഞ്ഞെടുത്തിരിക്കുന്നതിലും പ്രത്യേകതകളുണ്ട്. ക്ഷേത്രത്തിലെ മണി പോലുള്ള പിച്ചള വിളക്കുകളും ഫ്‌ളോര്‍ പാറ്റേണുകളും ഫര്‍ണീച്ചറുകളും ഇന്ത്യന്‍ ക്രാഫ്റ്റിനെയും പാരമ്പര്യത്തെയും ആഘോഷിക്കുന്നു.
പുതിയ സ്റ്റോറില്‍ ജെയ്‌പോരിന്റെ സിഗ്‌നേച്ചര്‍ കളക്ഷനുകളെല്ലാമുണ്ട്. എല്ലാത്തരം ഫാഷന്റെയും ഒറ്റ ലക്ഷ്യസ്ഥാനമായിരിക്കും ഇത്. സീസണിലെ ഏറ്റവും പുതിയ കളക്ഷനുകള്‍ സ്‌റ്റോറില്‍ ഒരുക്കിയിട്ടുണ്ട്. വനിതകള്‍ക്കുള്ള വസ്ത്രങ്ങള്‍, പുരുഷന്മാര്‍ക്കുള്ള വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ബാഗുകള്‍, പാദരക്ഷകള്‍, വീട്ടിലെ അലങ്കാര വസ്തുക്കള്‍ തുടങ്ങിയവയെല്ലാമുണ്ട്.