കൊച്ചി: കോവിഡ് തീവ്ര വ്യാപനം തുടരുമ്പോൾ, സ്വയം പരിശോധന നടത്താവുന്ന സെൽഫ് ടെസ്റ്റ് കിറ്റുകളുടെ വിൽപനയിൽ വൻ കുതിപ്പ്. ഏതാനും ആഴ്ചകൾക്കിടെ 200 ശതമാനത്തിൽ അധികമാണു വർധന. കോവിഡ് രണ്ടാം വ്യാപനം ഒതുങ്ങിയ ശേഷം കഴിഞ്ഞ നവംബർ അവസാനം വരെ കാര്യമായ വിൽപന ഇല്ലാതിരുന്ന കിറ്റുകൾക്ക് ആവശ്യം വർധിച്ചതു ഡിസംബർ മുതലാണ്. തുടക്കം മുംബൈ, ഡൽഹി, ബെംഗളൂരു, കൊൽക്കത്ത തുടങ്ങിയ വൻ നഗരങ്ങളിലായിരുന്നു. മഹാരാഷ്ട്ര, ബംഗാൾ, രാജസ്ഥാൻ, ഡൽഹി, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളാണു കിറ്റുകളുടെ വൻ വിപണി. ഈമാസം ആദ്യ വാരം മുതൽ കേരളത്തിലും വിൽപന ഉയരുകയാണ്.

7 കമ്പനികൾ നിർമിച്ച കിറ്റുകൾക്കാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) അംഗീകാരം. പാൻ ബയോ, കോവി സെൽഫ്, കോവി ഫൈൻഡ് തുടങ്ങിയ കിറ്റുകൾ വിപണിയിൽ സജീവം. 250 രൂപ മുതൽ 350 രൂപ വരെയാണു വില. മെഡിക്കൽ സ്റ്റോറുകളിലും ഇ കൊമേഴ്സ് സൈറ്റുകളിലും ലഭ്യമാണ്. റാപ്പിഡ് ആന്റിജൻ ടെസ്റ്റിനുള്ള കിറ്റാണിത്. എളുപ്പത്തിലും വേഗത്തിലും നടത്താവുന്ന കോവിഡ് പരിശോധനയെന്ന നിലയിലാണു കിറ്റുകൾക്ക് ആവശ്യക്കാർ ഏറുന്നത്. മൂക്കിൽ നിന്നെടുക്കുന്ന സ്രവം ഉപയോഗിച്ചു സ്വയം പരിശോധന നടത്താൻ കഴിയും. 15–20 മിനിറ്റിൽ ഫലം അറിയാം.  

റാപ്പിഡ് ആന്റിജൻ ടെസ്റ്റിൽ ഫലം പോസിറ്റീവ് ആണെങ്കിൽ കോവിഡ് ആണെന്ന് ഏറെക്കുറെ ഉറപ്പിക്കാമെങ്കിലും നെഗറ്റീവ് ഫലങ്ങളിൽ പിഴവു സംഭവിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. അതുകൊണ്ടു തന്നെ ആർടിപിസിആർ പരിശോധന കൂടി നടത്തണമെന്നാണു വിദഗ്ധ നിർദേശം. ഫലം എന്തായാലും ആരോഗ്യ അധികൃതരെ അറിയിക്കുകയും വേണം. എന്നാൽ, ഈ നിർദേശം പാലിക്കപ്പെടാതെ പോകുമ്പോൾ കോവിഡിന്റെ യഥാർഥ സ്ഥിതി സർക്കാർ സംവിധാനങ്ങൾക്കു ലഭിക്കാതെ വരുമെന്നതാണു ദോഷം.

Source : Newliveage