ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദിൽ തങ്ങളുടെ നാലാമത്തെ ഡാറ്റാ സെന്റർ സ്ഥാപിക്കുമെന്ന് ടെക് ഭീമനായ മൈക്രോസോഫ്റ്റ് തിങ്കളാഴ്ച അറിയിച്ചു. കമ്പനി നിക്ഷേപമോ കാമ്പസിന്റെ കൃത്യമായ വലുപ്പമോ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്ററുകളിൽ ഒന്നായിരിക്കുമെന്നും, 2025 ഓടെ പ്രവർത്തനക്ഷമമാകുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.
മൊത്തത്തിൽ 15,000 കോടി രൂപ മുതൽമുടക്കിൽ ഡാറ്റാ സെന്റർ സ്ഥാപിക്കുന്നതിന് തെലങ്കാന സംസ്ഥാന സർക്കാരുമായി മൈക്രോസോഫ്റ്റ് കൃത്യമായ കരാർ ഒപ്പിട്ടതായും മുൻപേ തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
ക്ലൗഡ്, എഐ(AI ) എന്നിവ പ്രാപ്തമാക്കിയ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ ഉപഭോക്താക്കളെ അഭിവൃദ്ധിപ്പെടുത്താൻ സഹായിക്കുന്നതിനുള്ള മൈക്രോസോഫ്റ്റിന്റെ പ്രതിബദ്ധതയുമായി ഈ തന്ത്രപരമായ നിക്ഷേപം യോജിപ്പിച്ചിരിക്കുന്നു. ഇത് ലോകത്തിലെ ഏറ്റവും വലിയ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിന്റെ ഭാഗമാകുമെന്നും കമ്പനി പറഞ്ഞു.
2015ൽ ഇന്ത്യയിൽ ഡാറ്റാ സെന്റർ യാത്ര ആരംഭിച്ച മൈക്രോസോഫ്റ്റിന് മുംബൈ, പൂനെ, ചെന്നൈ എന്നിവിടങ്ങളിൽ ഡാറ്റാ സെന്ററുകളുണ്ട്. സ്വകാര്യ സംരംഭങ്ങളിൽ നിന്നും സർക്കാർ മേഖലയിൽ നിന്നും മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ഡിമാന്റുമാണ് പുതിയ ഈ ഡാറ്റാ സെന്റർ സ്ഥാപിക്കുന്നതിന് പിന്നിൽ. സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഡവലപ്പർമാർ, വിദ്യാഭ്യാസം, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്കെല്ലാം ക്ലൗഡിലുടനീളം മൈക്രോസോഫ്റ്റ് പോർട്ട്ഫോളിയോ, ഡാറ്റാ സൊല്യൂഷനുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), പ്രൊഡക്ടിവിറ്റി ടൂളുകൾ, വിപുലമായ ഡാറ്റാ സുരക്ഷയുള്ള കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ് (സിആർഎം) എന്നിവ വാഗ്ദാനം ചെയുന്നുണ്ട്.
“അടുത്ത 2-3 വർഷത്തിനുള്ളിൽ ഇന്ത്യയിലെ ക്ലൗഡ് അവസരം ഏകദേശം 10 ബില്യൺ ഡോളറാകും , ഇത് പ്രതിവർഷം 20 ശതമാനം വളരുകയാണ്. എന്നാൽ അതിലും പ്രധാനമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഡാറ്റാ സെന്റർ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഇന്ത്യയിൽ ഏകദേശം 4.5 ലക്ഷം മൈക്രോസോഫ്റ്റ് സർട്ടിഫൈഡ് എഞ്ചിനീയർമാരുണ്ട്, ഈ സ്ഥാപിക്കാൻപോകുന്ന ടാറ്റ സെന്റർ തൊഴിലവസരങ്ങൾ വീണ്ടും വർദ്ധിപ്പിക്കുമെന്നും " മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്റ് അനന്ത് മഹേശ്വരി പറഞ്ഞു.
സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക പുരോഗതിക്കും പ്രേരിപ്പിക്കുന്ന ഡിജിറ്റൽ പരിവർത്തനത്തിനുള്ള ഒരു പ്ലാറ്റ്ഫോമായ ക്ലൗഡിനുള്ള ഉപഭോക്തൃ ആവശ്യം ഇന്ത്യയിലുടനീളം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. IDC പ്രകാരം, ഇന്ത്യയിലെ മൈക്രോസോഫ്റ്റ് ഡാറ്റാസെന്റർ മേഖലകൾ 2016 നും 2020 നും ഇടയിൽ 9.5 ബില്യൺ ഡോളർ വരുമാനം സമ്പദ്വ്യവസ്ഥയിലേക്ക് സംഭാവന ചെയ്തു. ജിഡിപി സംഭാവനയ്ക്കു പുറമെ, 169,000 പുതിയ വൈദഗ്ധ്യമുള്ള ഐടി ജോലികൾ ഉൾപ്പെടെ 1.5 ദശലക്ഷം തൊഴിലവസരങ്ങൾ സമ്പദ്വ്യവസ്ഥയിലേക്ക് ചേർത്തതായും ഐഡിസി റിപ്പോർട്ട് കണക്കാക്കുന്നു.
“ഇന്ത്യയിലെ ജനങ്ങളോടും ബിസിനസുകളോടുമുള്ള ഇന്നത്തെ പ്രതിബദ്ധത ലോകത്തെ ഡിജിറ്റൽ നേതാക്കളിൽ രാജ്യത്തെ എത്തിക്കും. മൈക്രോസോഫ്റ്റ് ഡാറ്റാസെന്റർ മേഖല നമ്മുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയ്ക്ക് ഒരു മത്സരാധിഷ്ഠിത നേട്ടം പ്രദാനം ചെയ്യുന്നു, ഇത് നമ്മുടെ രാജ്യത്തിന്റെ സാധ്യതകളിൽ ദീർഘകാല നിക്ഷേപവുമാണ്. ക്ലൗഡ് എല്ലാ വ്യവസായത്തെയും മേഖലയെയും മാറ്റിമറിക്കുന്നു. നൈപുണ്യത്തിലെ നിക്ഷേപം ഇന്നും, ഭാവിയിലും ഇന്ത്യയുടെ തൊഴിൽ ശക്തിയെ ശാക്തീകരിക്കുമെന്നും" ഇന്ത്യയുടെ നൈപുണ്യ വികസനം , സംരംഭകത്വം, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവയുടെ സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Source Livenewage