ബാംഗ്ലൂർ: ഇന്നൊവേഷനും, ക്ലൗഡ് സ്ട്രാറ്റജിയും നൽകി സഹായിക്കുന്നതിനായി ഗൂഗിൾ ക്ലൗഡും ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്കാർട്ടും പങ്കാളിത്തത്തിൽ ഒപ്പുവച്ചു. ഈ പങ്കാളിത്തം ഫ്ലിപ്പ്കാർട്ടിനെ അതിന്റെ അടുത്ത ഘട്ട വളർച്ചയിലേക്ക് സഹായിക്കുമെന്നും 200 ദശലക്ഷം ഷോപ്പർമാരെ അവരുടെ പ്ലാറ്റ്‌ഫോമിൽ എത്തിക്കുമെന്നും ഇരു കക്ഷികളും പറഞ്ഞു. അതേസമയം ഈ ഇടപാടിന്റെ മൂല്യം കമ്പനികൾ വെളിപ്പെടുത്തിയിട്ടില്ല.

ഗൂഗിൾ ക്ലൗഡിന്റെ സുരക്ഷിതവും വിപുലീകരിക്കാവുന്നതുമായ ആഗോള ഇൻഫ്രാസ്ട്രക്ചറും നൂതന നെറ്റ്‌വർക്കിംഗ് സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തുന്നതിലൂടെ, ഉയർന്ന ട്രാഫിക്കുള്ള പീക്ക് പർച്ചേസ് സീസണുകളിലും ശക്തമായ ആപ്പ് ആക്‌സസും പ്രകടനവും നൽകാൻ ഫ്ലിപ്പ്കാർട്ടിന് കഴിയും.

"ഗൂഗിൾ ക്ലൗഡുമായുള്ള ഞങ്ങളുടെ തന്ത്രപരമായ സഖ്യം, ഞങ്ങളുടെ ഡിജിറ്റൽ പരിവർത്തനം, ഊർജ്ജ ഉൽപ്പാദനക്ഷമത, നവീകരണ അജണ്ട എന്നിവ ത്വരിതപ്പെടുത്തുന്നതിന് ഞങ്ങളെ പ്രാപ്തരാക്കും," എന്ന്  ഫ്ലിപ്പ്കാർട്ടിലെ ചീഫ് പ്രൊഡക്റ്റ് ആൻഡ് ടെക്നോളജി ഓഫീസർ ജയന്ദ്രൻ വേണുഗോപാൽ പറഞ്ഞു. "എ.ഐ/എം.എൽയിലെയും ഗൂഗിൾ  ക്ലൗഡിന്റെ അതുല്യമായ കരുത്തും അനുഭവവും ഞങ്ങളെ ആവേശഭരിതരാക്കുന്നു.ഗൂഗിളിന്റെ തെളിയിക്കപ്പെട്ട മികവും,സുരക്ഷയും ഞങ്ങളുടെ വളർച്ചയുടെ അടുത്ത ഘട്ടത്തിൽ നിർണായകമാകുമെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു

ഗൂഗിൾ ക്ലൗഡിന്റെ നൂതന ഡാറ്റാ അനലിറ്റിക്‌സും, മെഷീൻ ലേണിംഗ് സാങ്കേതികവിദ്യകളും വിന്യസിച്ചുകൊണ്ട് ഫ്ലിപ്പ്കാർട്ട് അതിന്റെ ഡാറ്റ പ്ലാറ്റ്‌ഫോം കൂടുതൽ കാര്യക്ഷമമാക്കും. ഇത് ട്രാഫിക്കും, ഇടപാട് ഡാറ്റയും  നന്നായി വിശകലനം ചെയ്യാനും ഉപഭോക്തൃ പർച്ചേസിംഗ്, ഷോപ്പിംഗ് പെരുമാറ്റം എന്നിവയെക്കുറിച്ചുള്ള സമ്പന്നമായ തത്സമയ സ്ഥിതിവിവരക്കണക്കുകൾ മനസിലാക്കാനും കമ്പനിയെ പ്രാപ്തമാക്കും.

source Livenewage