ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അതിവേഗം വായ്പ അനുവദിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് നിര്‍ദ്ദേശവുമായി നീതി ആയോഗ്. റോക്കി മൗണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും (ആര്‍എംഐ) ആര്‍എംഐ ഇന്ത്യയുമായി ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് നീതി ആയോഗ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആര്‍ബിഐയുടെ മുന്‍ഗണനാ വിഭാഗത്തിലെ വായ്പാ മാര്‍ഗ്ഗനിര്‍ദ്ദേശ പട്ടികയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുത്താനാണ് നീതി ആയോഗ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ നീക്കം ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്കുള്ള റീടെയില്‍ വായ്പയ്ക്ക് കാര്യമായ മുന്നേറ്റം നല്‍കുമെന്ന് പറഞ്ഞു.

വൈദ്യുത വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭിക്കാനും ഈ മേഖലയുടെ പുരോഗതിക്ക് വേഗത വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് നീതി ആയോഗിന്റെ വിലയിരുത്തല്‍. ഇന്ത്യയിലെ ബാങ്കുകള്‍ക്കും നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ക്കും (എന്‍ബിഎഫ്സി) വലിയ അവസരമാണ് ഒരുങ്ങുന്നത്. 2025 ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ വായ്പാ വിപണി 40,000 കോടി ആകുമെന്നാണ് വിദഗ്ദ്ധ സമിതി വ്യക്തമാക്കിയിരിക്കുന്നത്. ഇത് 2030ഓടെ 3.7 ലക്ഷം കോടിയുടെ വായ്പാ വിപണിയും കൈവരിക്കാന്‍ കഴിയുമെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എന്നിരുന്നാലും, ഇലക്ട്രിക് വാഹനങ്ങളുടെ റീടെയില്‍ വായ്പയ്ക്ക് വളരെ പതുക്കെ മാത്രമെ പുരോഗമിക്കുകയൊള്ളുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെ സാമ്പത്തിക പ്രാപ്യതയ്ക്കും തൊഴിലവസരങ്ങളെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടിട്ടുള്ളതാണ് ഇത്തരത്തിലുള്ള മുന്‍ഗണന മേഖലാ വായ്പകള്‍.

നിലവില്‍ വൈദ്യുതവാഹന റീട്ടെയില്‍ വായ്പാവളര്‍ച്ച വളരെക്കുറഞ്ഞ നിലയിലാണ്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത ത്വരിതപ്പെടുത്തുന്നതില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഒരു പ്രധാന പങ്ക് വഹിക്കാനുണ്ട്. അതിനൊപ്പം കാര്‍ബണ്‍ മലിനീകരണം കുറയ്ക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നുവെന്നും നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു.

ആര്‍ബിഐയുടെ മുന്‍ഗണനാ വായ്പാപദ്ധതി മാര്‍ഗനിര്‍ദേശങ്ങള്‍ രാജ്യതാത്പര്യം മുന്‍നിര്‍ത്തിയുള്ളതാണ്. തൊഴിലവസരങ്ങള്‍ക്ക് പ്രാധാന്യമുള്ള മേഖലകളാണ് പ്രധാനമായും ഈ പട്ടികയില്‍ വരുക. വൈദ്യുതവാഹനങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തുകവഴി അവയ്ക്കായി പണം ലഭ്യമാക്കാന്‍ ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും ഒട്ടേറെ ഇളവുകള്‍ ഇതുവഴി ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യഘട്ടത്തില്‍ വൈദ്യുത ഇരുചക്രവാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, വാണിജ്യവിഭാഗത്തിലുള്ള നാലുചക്രവാഹനങ്ങള്‍ എന്നിവയെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് നിതി ആയോഗ് ശുപാര്‍ശ ചെയ്തിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്.

source  : livenewage