ന്യൂഡൽഹി: വാഹനങ്ങളിലെ ഭാരത് സ്റ്റേജ് (ബിഎസ്) നിർഗമന നിയന്ത്രണച്ചട്ടങ്ങൾ പോലെ എല്ലാത്തരം ജനറേറ്റർ സെറ്റുകളുടെയും നിർഗമനത്തോത് 2023 ജൂൺ മുതൽ ഏകീകരിക്കാൻ കേന്ദ്രസർക്കാർ. നിലവിൽ ഡീസൽ, പെട്രോൾ, സിഎൻജി, എൽപിജി ഉപയോഗിക്കുന്ന ജനറേറ്ററുകൾക്കു തോത് വ്യത്യസ്തമാണ്. പുതിയ ചട്ടത്തിലൂടെ ഇവ ഏകീകരിക്കും. വരാൻ പോകുന്ന ഹൈഡ്രജൻ ഗ്യാസ് ജനറേറ്ററുകൾക്കും ചട്ടം ബാധകമായിരിക്കും. ഇതു സംബന്ധിച്ച കരടുവിജ്ഞാപനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ചു. പൊതുജനാഭിപ്രായം തേടിയശേഷം ചട്ടം അന്തിമമാക്കും

വായുമലിനീകരണം കുറച്ചു കൊണ്ടുവരികയെന്നതാണ് നടപടിയുടെ പ്രധാന ലക്‌ഷ്യം. നഗരമേഖലകളിലെ മലിനീകരണത്തിന്റെ മുഖ്യസ്രോതസ്സുകളിലൊന്നു ജനറേറ്റർ സെറ്റുകളാണെന്നു വിജ്ഞാപനം പറയുന്നു. പുതിയ വിജ്ഞാപനം അനുസരിച്ച് 8 കിലോവാട്ട് വരെയുള്ള ജനറേറ്ററുകളുടെ നൈട്രജൻ ഹൈഡ്രോകാർബൺ നിർഗമനം ഒരു കിലോവാട്ട് അവറിൽ 7.5 ഗ്രാം ആയിരിക്കണം. 8 മുതൽ 19 കിലോവാട്ട് വരെ 4.7 ഗ്രാമും. 5 വർഷത്തിനകം പുനരുപയോഗ ഊർജ സംവിധാനങ്ങളിലേക്ക് മാറണമെന്നുള്ള നിർദേശവും കരടിലുണ്ട്.

Source :Livenewage