ന്യൂയോർക്ക്: 2021ലെ ആഗോള ഇലക്‌ട്രിക് വാഹനവില്പനയിൽ 14 ശതമാനം വിഹിതവുമായി അമേരിക്കൻ കമ്പനി ടെസ്‌ല ഒന്നാമതെത്തി. 12 ശതമാനം വിപണി വിഹിതവുമായി ഫോക്‌സ്‌വാഗൻ ഗ്രൂപ്പാണ് രണ്ടാമത്. ടെസ്‌ലയുടെ മോഡൽ-3 കാറിന് യൂറോപ്പിൽ വലിയ ഡിമാൻഡുണ്ട്. അതേസമയം ഇലക്‌ട്രിക് വാഹനങ്ങളുടെ ഉത്പാദനത്തിൽ മുന്നിൽ ഫോക്‌സ്‌വാഗൻ ഗ്രൂപ്പാണ്. ഗ്രൂപ്പിന് കീഴിലെ ഔഡി, ഫോക്‌സ്‌വാഗൻ, സ്‌കോഡ എന്നിവ ഇ-ശ്രേണിയിലും മികച്ച നേട്ടം കൊയ്യുന്നുണ്ട്.

2020നെ അപേക്ഷിച്ച് ആഗോളതലത്തിൽ കാർവിപണി നാലുശതമാനം വളർച്ച നേടിയ 2021ൽ ഉപഭോക്താക്കൾ ഇലക്‌ട്രിക് വാഹനങ്ങളോടാണ് ഏറെ താത്പര്യം കാണിച്ചത്. പരിസ്ഥിതി സൗഹൃദമെന്നത് മാത്രമല്ല, ദീർഘകാലാടിസ്ഥാനത്തിൽ പരമ്പരാഗത പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് വൻ സാമ്പത്തികനേട്ടം നൽകുമെന്നതുമാണ് ഇലക്ട്രിക് കാറുകളോടുള്ള ഈ ഇഷ്‌ടത്തിന് പിന്നിൽ. കഴിഞ്ഞവർഷം ഇലക്‌ട്രിക് വാഹനങ്ങളുടെ വില്പനവളർച്ച 109 ശതമാനമാണ്. പൂർണമായും ഇലക്‌ട്രിക് ആയതും പരമ്പരാഗത എൻജിനൊപ്പം ഇലക്ട്രിക് മോട്ടോർ കൂടിയുള്ള പ്ളഗ്-ഇൻ ഹൈബ്രിഡ് പതിപ്പുകളും ചേർത്ത് 65 ലക്ഷം ഇ-പാസ‍ഞ്ചർ വാഹനങ്ങളാണ് കഴിഞ്ഞവർഷം പുതുതായി നിരത്തിലെത്തിയത്. 

അസംസ്കൃതവസ്‌തുക്കളുടെ വിലക്കയറ്റം, മൈക്രോചിപ്പ് ക്ഷാമം എന്നിവ കഴിഞ്ഞവർഷം ആഗോളതലത്തിൽ തന്നെ വാഹന ഉത്പാദനത്തെ ബാധിച്ചിരുന്നു. പക്ഷേ, ഈ പ്രതിസന്ധിയിലും തളരാതെയാണ് ഇലക്‌ട്രിക് വാഹനങ്ങളുടെ മുന്നേറ്റം. അമേരിക്കയിൽ കഴിഞ്ഞവർഷം വിറ്റുപോയ മൊത്തം വാഹനങ്ങളിൽ നാലു ശതമാനമാണ് ഇലക്‌ട്രിക് വാഹനങ്ങളുടെ വിഹിതം; ഏകദേശം 5.35 ലക്ഷം ഇ-വാഹനങ്ങൾ. 2021ൽ ചൈനക്കാർ വാങ്ങിയത് 32 ലക്ഷം പുതിയ ഇലക്‌ട്രിക് വാഹനങ്ങളാണ്. ആഗോളതലത്തിലെ വില്പനയുടെ പകുതിവരുമിത്. 2020ൽ ചൈനയിൽ വിറ്റുപോയതിനേക്കാൾ 20 ലക്ഷം യൂണിറ്റുകൾ അധികമാണിത്. 

പരമ്പരാഗതമായി പെട്രോൾ, ഡീസൽ വാഹനോത്പാദനത്തിൽ ശ്രദ്ധിച്ചിരുന്ന ആഗോള ബ്രാൻഡുകൾപോലും ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് കൂടി ചുവടുമാറ്റിയതും ഇ-വിപണിക്ക് കരുത്തായി. യൂറോപ്യൻ രാജ്യങ്ങളിലും ഇലക്‌ട്രിക് വാഹനങ്ങൾക്ക് വൻ സ്വീകാര്യതയുണ്ട്. പല രാജ്യങ്ങളിലും ഉത്പാദനത്തെ കവച്ചുവയ്ക്കുന്ന ഡിമാൻഡുള്ളതിനാൽ ബുക്ക് ചെയ്‌ത് മാസങ്ങൾ കാത്തിരിക്കേണ്ട സ്ഥിതിയിലുമാണ് ഉപഭോക്താക്കൾ.

Source : livenewage

Source : Livenewage