ന്യൂഡൽഹി: രാജ്യത്ത് വളർന്നുവരുന്ന (എമർജിങ്) സ്റ്റാർട്ടപ് ഹബ്ബുകളുടെ നാസ്കോം പട്ടികയിൽ തിരുവനന്തപുരവും കൊച്ചിയും. ഐടി കമ്പനികളുടെ ദേശീയ കൂട്ടായ്മയായ നാസ്കോമിന്റെ സ്റ്റാർട്ടപ് റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ 29 % ടെക് സ്റ്റാർട്ടപ്പുകളും വളർന്നു വരുന്ന ഹബ്ബുകളിലാണ്. അഹമ്മദാബാദ്, കൊൽക്കത്ത, ജയ്പുർ, ഇൻഡോർ, കോയമ്പത്തൂർ, സൂറത്ത്, ചണ്ഡിഗഡ്, ലക്നൗ, ഭുവനേശ്വർ എന്നിവയാണ് വളർന്നുവരുന്ന മറ്റ് സ്റ്റാർട്ടപ് ഹബ്ബുകൾ. 29% ടെക് സ്റ്റാർട്ടപ്പുകളും ഇവിടെ നിന്നാണെങ്കിലും യൂണികോൺ മൂല്യമുള്ള കമ്പനി ഒരെണ്ണം മാത്രമാണുള്ളത്. നിലവിലുള്ള പ്രധാന സ്റ്റാർട്ടപ് ഹബ്ബുകളായ ഡൽഹി, ബെംഗളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളിലാണ് 69 യൂണികോൺ സ്റ്റാർട്ടപ്പുകളും.
ഓഹരി വിപണിയുടെ ഭാഗമാകാത്ത 100 കോടി ഡോളറിലും കൂടുതൽ മൂല്യമുള്ള കമ്പനികളാണ് യൂണികോൺ. 2017 മുതൽ രണ്ടാം നിര നഗരങ്ങളിൽ നിന്നു വളർന്നുവരുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ 15 ശതമാനം വർധനയുണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എമർജിങ് ഹബ്ബുകളിലെ സ്റ്റാർട്ടപ്പുകളിൽ കഴിഞ്ഞ 3 വർഷത്തിനിടെ 6323.66 കോടി രൂപയുടെ നിക്ഷേപമുണ്ടായി. നിക്ഷേപങ്ങളിൽ 3 മടങ്ങ് വർധന. 820ലധികം സ്റ്റാർട്ടപ്പുകൾ എമർജിങ് നഗരങ്ങളിൽ നിക്ഷേപം നേടി. 2021ൽ മാത്രം രാജ്യത്ത് ആരംഭിച്ചത് 2,250 ടെക് സ്റ്റാർട്ടപ്പുകൾ. 2021ൽ മാത്രം 1.79 ലക്ഷം കോടി രൂപയുടെ ഫണ്ടിങ് നടന്നു.