ബെംഗളൂരു: കൊറോണയ്ക്ക് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കല്‍, ധനനയ പിന്തുണ, വളര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ള ബജറ്റ്, സാമ്പത്തിക നയം എന്നിവയുടെ പിന്‍ബലത്തില്‍ റേറ്റിങ് ഏജൻസി മൂഡീസ് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചാ പ്രവചനം 2022-23ല്‍ നേരത്തെ കണക്കാക്കിയ 7.9 ശതമാനത്തില്‍ നിന്ന് 8.4 ശതമാനമായി ഉയര്‍ത്തി. എന്നിരുന്നാലും, ഉയര്‍ന്ന എണ്ണവിലയും വിതരണത്തിലെ അപാകതകളും വളര്‍ച്ചയെ പിന്നോട്ടടിക്കുന്നത് തുടരുമെന്ന് റേറ്റിംഗ് ഏജന്‍സി അതിന്റെ ഏറ്റവും പുതിയ ഗ്ലോബല്‍ മാക്രോ ഔട്ട്ലുക്ക് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കി. ഇന്ത്യയുടെ 2022 വര്‍ഷത്തെ വളര്‍ച്ചാ പ്രവചനങ്ങള്‍ 7 ശതമാനത്തില്‍ നിന്ന് 9.5 ശതമാനമായി ഉയര്‍ത്തിയെന്നും 2023ല്‍ മാത്രം 5.5 ശതമാനം വളര്‍ച്ചയായി പ്രവചനം നിലനിര്‍ത്തി എന്നും റിപ്പോര്‍ട്ട് പറയുന്നു. മൂഡീസിന്റെ പ്രവചനം 2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ വളര്‍ച്ചാ പ്രവചനങ്ങളേക്കാള്‍ ഉയര്‍ന്നതാണ്.
'ഇന്ത്യയില്‍ അടിസ്ഥാന സൗകര്യങ്ങളിലും മറ്റ് മൂലധന ചെലവുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്, വളര്‍ച്ചയെ ഏകീകരിക്കാന്‍ സഹായിക്കും. 2020 രണ്ടാം പാദത്തിൽ ലോക്ക്ഡൗണ്‍ മൂലമുണ്ടായ സങ്കോചത്തില്‍ നിന്നുള്ള മടങ്ങിവരവും 2021 രണ്ടാം പാദത്തിൽ ഡെല്‍റ്റ തരംഗത്തിനിടയിലും വളർച്ചയും, പ്രതീക്ഷിച്ചതിലും ശക്തമായിരുന്നു. 2021-ന്റെ അവസാന പാദത്തില്‍ സമ്പദ്‌വ്യവസ്ഥ കോവിഡിന് മുമ്പുള്ള ജിഡിപിയുടെ നിലയെ അപേക്ഷിച്ച് 5 ശതമാനം കവിഞ്ഞതായി കണക്കാക്കുന്നതായും റിപ്പോർട്ട് കൂട്ടിച്ചേര്‍ത്തു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പണലഭ്യത നടപടികള്‍ കര്‍ശനമാക്കാന്‍ തുടങ്ങുമെന്നും ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ റിപ്പോ നിരക്ക് ഉയര്‍ത്തുമെന്നും റിപ്പോർട്ട് പ്രതീക്ഷിക്കുന്നു.
വില്‍പന നികുതി പിരിവ്, റീട്ടെയില്‍ പ്രവര്‍ത്തനം, പിഎംഐകള്‍ എന്നിവ ശക്തമായ മുന്നേറ്റം സൂചിപ്പിക്കുമ്പോഴും ഉയര്‍ന്ന എണ്ണവിലയും വിതരണത്തിലെ ക്രമക്കേടുകളും വളര്‍ച്ചക്ക് വെല്ലുവിളിയാകുമെന്ന് മൂഡീസ് പറഞ്ഞു. 2023-24 ല്‍ ഇന്ത്യന്‍ സമ്പദ്‌രംഗം 6.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഏജന്‍സി കണക്കാക്കുന്നു. 2022-23 ലെ യൂണിയന്‍ ബജറ്റ് വളര്‍ച്ചയ്ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. മൂലധനച്ചെലവിലേക്കുള്ള വിഹിതത്തില്‍ 36 ശതമാനം വര്‍ദ്ധനവ് (2021-22 ലെ ബിഇയുമായി താരതമ്യം ചെയ്യുമ്പോള്‍) ഇതിനെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപിയുടെ 2.9 ശതമാനം ആക്കി ഉയർത്തിയതും ഗുണപരമായ കാര്യമാണെന്നും മൂഡീസ് വ്യക്തമാക്കി.
Source Livenewage