തിരുവനന്തപുരം: സാമ്പത്തികവർഷം അവസാനിക്കാൻ ഒന്നര മാസം മാത്രം ശേഷിക്കെ സംസ്ഥാന ബജറ്റിൽ വിവിധ പദ്ധതികൾക്കായി വകയിരുത്തിയതിൽ 40% തുക ഇനിയും ചെലവഴിക്കാനാവാതെ സർക്കാർ. കേന്ദ്ര, സംസ്ഥാന, തദ്ദേശ പദ്ധതികൾക്കായി ചെലവഴിക്കാൻ നിശ്ചയിച്ച 37,042 കോടി രൂപയിൽ 15,098 കോടി രൂപയാണ് ഇനി 45 ദിവസം കൊണ്ട് ചെലവിടേണ്ടത്. ആകെ പദ്ധതി അടങ്കലായ 37,042 കോടി രൂപയിൽ ഇതുവരെ ചെലവിട്ടത് 21,944 കോടി രൂപയാണ്. പട്ടികജാതി, പട്ടികവർഗം ഉൾപ്പെടെ 17 മുഖ്യ വകുപ്പുകൾ പകുതി തുക പോലും ചെലവഴിച്ചിട്ടില്ല. എത്ര കഠിനപ്രയത്നം ചെയ്താലും ബാക്കി ചെലവഴിക്കാൻ ഇനി കഴിയില്ലെന്നതിനാൽ സർക്കാർ ഇക്കുറിയും പദ്ധതികൾ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്നുറപ്പായി. കോവിഡ്, മഴ എന്നിവ പദ്ധതി നടത്തിപ്പിനെ ബാധിച്ചിട്ടുണ്ടെങ്കിലും പദ്ധതികൾ വെട്ടിക്കുറയ്ക്കേണ്ടി വരില്ലെന്നാണു കരുതുന്നതെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
ഓഗസ്റ്റിൽ ട്രഷറികളിൽ ഏർപ്പെടുത്തിയ അപ്രഖ്യാപിത വിലക്കും തിരിച്ചടിയായെന്നതാണു വാസ്തവം. ഒരു വകുപ്പിനും 30 ശതമാനത്തിലേറെ തുക ചെലവഴിക്കാൻ അനുവാദം നൽകരുതെന്നായിരുന്നു അന്നത്തെ നിർദേശം. ഇതോടെ പല വകുപ്പുകളും പണം ചെലവിടൽ പതുക്കെയാക്കി. തദ്ദേശ സ്ഥാപനങ്ങളാണ് ഏറ്റവും അലംഭാവം കാട്ടിയത്. ഫെബ്രുവരിയിൽ തന്നെ പദ്ധതികൾ തയാറാക്കിയെങ്കിലും നടപ്പാക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തി. ഇന്നലത്തെ കണക്കുപ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ 7389 ബില്ലുകളാണ് ട്രഷറി തീരുമാനം കാത്തുകിടക്കുന്നത്. മെയ്ന്റനൻസ് ഗ്രാന്റ് അടക്കം ട്രഷറിയിൽ ആകെ പാസാക്കാനുള്ള ബില്ലുകൾ 9850 എണ്ണമുണ്ട്.
Source : Livenewage