ന്യൂഡൽഹി: കഴിഞ്ഞമാസം രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 40 ശതമാനത്തിലധികം  കുറഞ്ഞുവെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) റിപ്പോർട്ട്. 64.08 ലക്ഷം പേരാണ് ജനുവരിയിൽ വ്യോമമാർഗം യാത്ര ചെയ്തത്. ഡിസംബറിൽ യാത്രക്കാർ 1.20 കോടിയായിരുന്നു. സർവീസുകളിൽ ഏറ്റവുമധികം യാത്രക്കാരെ ഉൾക്കൊള്ളിച്ചത് സ്പൈസ് ജെറ്റാണ്; ലോഡ് ഫാക്‌ടർ 73.4 ശതമാനം. ആകെ സീറ്റുകളിൽ എത്ര ശതമാനം വിനിയോഗിക്കപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ലോഡ്‌ഫാക്ടർ കണക്കാക്കുന്നത്. ഇൻഡിഗോ (66.6 ശതമാനം), വിസ്‌താര (61.6 ശതമാനം), ഗോഫസ്‌റ്റ് (66.7 ശതമാനം), എയർഏഷ്യ ഇന്ത്യ (60.5 ശതമാനം) എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ പ്രകടനം. എയർഇന്ത്യയുടെ സർവീസുകളിൽ 60.6 ശതമാനം സീറ്റുകൾ ഉപയോഗിക്കപ്പെട്ടു.

ഏറ്റവുമധികം യാത്രക്കാരെ സ്വന്തമാക്കി വിപണിവിഹിതത്തിലെ ഒന്നാംസ്ഥാനം ഇൻഡിഗോ നിലനിറുത്തി (55.5 ശതമാനം). 35.57 ലക്ഷം യാത്രക്കാരാണ് ഇൻഡിഗോയുടെ സേവനം പ്രയോജനപ്പെടുത്തിയത്. സ്‌പൈസ് ജെറ്റ് (6.8 ലക്ഷം), എയർഇന്ത്യ (6.56 ലക്ഷം), ഗോഫസ്റ്റ് (6.35 ലക്ഷം), വിസ്‌താര (4.79 ലക്ഷം), എയർഏഷ്യ ഇന്ത്യ (2.95 ലക്ഷം), അലയൻസ് എയർ (0.80 ലക്ഷം) എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ കണക്ക്. 94.5 ശതമാനം കൃത്യതയുമായി ഗോഫസ്‌റ്റാണ് സമയനിഷ്‌ഠയിൽ മുന്നിൽ.

Source : livenewage