കൊച്ചി: ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി നടപ്പു സാമ്പത്തിക വർഷം (2021-22) ഏപ്രിൽ-സെപ്‌തംബറിൽ 35 ശതമാനം വർദ്ധിച്ച് 610 കോടി ഡോളറിലെത്തി. മുൻവർഷത്തെ സമാനകാലത്ത് 450 കോടി ഡോളറായിരുന്നു. ഡിസംബറിൽ മാത്രം 28 ശതമാനം ഉയർന്ന് 72.05 കോടി ഡോളറാണ് വരുമാനം. അമേരിക്ക, ചൈന, ജപ്പാൻ, വിയറ്റ്‌നാം, തായ്‌ലൻഡ് എന്നിവയാണ് ഏറ്റവും വലിയ അഞ്ചുവിപണികളെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

മൊത്തം കയറ്റുമതി മൂല്യത്തിൽ 74 ശതമാനവും ലഭിച്ചത് ശീതീകരിച്ച ചെമ്മീനിൽ നിന്നാണ്. ശീതീകരിച്ച മത്സ്യം ഏഴ് ശതമാനവും കൂന്തൽ അഞ്ചു ശതമാനവും പങ്കുവഹിച്ചു. സമുദ്രോത്പന്ന മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് 2020 മേയിൽ കേന്ദ്രസർക്കാർ പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന അവതരിപ്പിച്ചിരുന്നു. സമീപവർഷങ്ങളിൽ തന്നെ ഒരുലക്ഷം കോടി രൂപ കയറ്റുമതി വരുമാനം നേടുക, അധികമായി 70 ലക്ഷം ടൺ മത്സ്യം ഉത്പാദിപ്പിക്കുക, 55 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുക എന്നിവയാണ് മുഖ്യലക്ഷ്യങ്ങൾ.

നേട്ടം കൊയ്ത് 'ന്യൂജൻ" ഉത്പന്നങ്ങളും

റെഡി ടു ഈറ്റ്, റെഡി ടു കുക്ക്, റെഡി ടു സെർവ് വിഭാഗങ്ങളിലായി ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യോത്പന്ന കയറ്റുമതി 2020-21ൽ 214 കോടി ഡോളർ വരുമാനം നേടിയെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. നടപ്പുവർഷം ഏപ്രിൽ-ഒക്‌ടോബറിൽ വരുമാനം 100 കോടി ഡോളറാണ്. 2020-21ലെ സമാനകാലത്ത് വരുമാനം 82.3 കോടി ഡോളറായിരുന്നു.

 ബിസ്‌കറ്റ്, ശർക്കര, പ്രാതൽവിഭവങ്ങൾ, പാൻ മസാല, വെറ്റില എന്നിവയാണ് റെഡി ടു ഈറ്റ് ഇനത്തിലുള്ളത്.

 അമേരിക്ക, മലേഷ്യ, യു.എ.ഇ., ശ്രീലങ്ക, ഓസ്‌ട്രേലിയ, സുഡാൻ, ബ്രിട്ടൻ, സിംഗപ്പൂർ എന്നിവയാണ് റെഡി ടു ഈറ്റ് ഉത്പന്നങ്ങളുടെ പ്രധാന വിപണികൾ.

 മലേഷ്യ, യു.എ.ഇ., ഇൻഡോനേഷ്യ, ബ്രിട്ടൻ എന്നിവയാണ് റെഡി ടു കുക്ക് ഉത്പന്നങ്ങൾ ഏറെ വാങ്ങുന്നത്.

 മലേഷ്യ, നേപ്പാൾ എന്നിവയാണ് ഏറ്റവും വലിയ ശർക്കര പ്രിയർ.