കോഴിക്കോട്: സംസ്ഥാനത്ത് സ്വര്ണവില റെക്കോഡ് നിലവാരത്തോടടുക്കുന്നു. ബുധനാഴ്ചമാത്രം വിലയില് 1,040 രൂപയുടെ വര്ധനവാണുണ്ടായത്. ഇതോടെ പവന്റെ വില 40,560 രൂപയായി. ഗ്രാമിന് 130 രൂപ കൂടി 5070 രൂപയുമായി. സമീപകാല ചരിത്രത്തില് ഒരൊറ്റദിവസം ഇത്രയും വര്ധനവുണ്ടാകുന്നത് ആദ്യമായാണ്. 

ജനുവരിയിലെ 36,720 നിലവാരവുമായി താരതമ്യം ചെയ്യുമ്പോള് രണ്ടുമാസത്തിനിടെ 3840 രൂപയുടെ വര്ധനവാണുണ്ടായത്. റഷ്യ-യുക്രൈന് സംഘര്ഷം തുടരുന്നതിനാല് രാജ്യാന്തര വിപണിയില് വിലകൂടിയതാണ് രാജ്യത്തെ വിലവര്ധനയ്ക്കും കാരണം. രൂപയുടെ മൂല്യമിടിയുന്നതും വില വര്ധിക്കാനിടയാക്കി. 

ഇതോടെ രാജ്യത്തെ സ്വര്ണവില 20മാസത്തെ ഉയര്ന്ന നിലവാരത്തോടടുക്കുകയാണ്. 2020 ഓഗസ്റ്റ് എഴിനാണ് സംസ്ഥാനത്ത് എക്കാലത്തെയും ഉയര്ന്ന വിലയായ 42,000 ലെത്തിയത്. 

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില് ഗോള്ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 1.4ശതമാനം ഉയര്ന്ന് 55,190 രൂപയായി. വെള്ളിയുടെ വിലയിലും സമാനമായ വര്ധനവുണ്ടായിട്ടുണ്ട്. ആഗോള വിപണിയില് സ്പോട് ഗോള്ഡ് വില ട്രോയ് ഔണ്സിന് 54 ഡോളര് വര്ധിച്ച് 2,053.13 നിലവാരത്തിലെത്തി .

Source Livenewage