ന്യൂഡൽഹി: 2030ൽ രാജ്യത്തെ ഹരിത ഹൈഡ്രജൻ ഉത്പാദന ലക്‌ഷ്യം 50 ലക്ഷം ടൺ ആയിരിക്കുമെന്ന് ഊർജമന്ത്രാലയം പുറത്തിറക്കിയ ഗ്രീൻ ഹൈഡ്രജൻ നയം വ്യക്തമാക്കുന്നു. ഹൈഡ്രജനു പുറമേ ഗ്രീൻ അമോണിയയും പദ്ധതിയുടെ ഭാഗമാണ്. പുനരുപയോഗ ഊർജസ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്നതാണ് ഹരിത ഹൈഡ്രജൻ. 2030ൽ ഗ്രീൻ ഹൈഡ്രജൻ ഉൽപാദനത്തിനായി സൗരോർജം അടക്കമുള്ള പുനരുപയോഗ ഊർജസ്രോതസ്സുകൾ  ഉപയോഗിച്ച് 100 ഗിഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. 10 വർഷത്തിനുള്ളിൽ, ഒരു കിലോ ഹൈഡ്രജന് ഒരു ഡോളർ എന്ന നിരക്കിലേക്കു കൊണ്ടുവരുകയാണ് റിലയൻസിന്റെ ലക്ഷ്യം. നിലവിൽ 3 മുതൽ 6.5 ഡോളർ വരെയാണ് ചെലവ്. റിലയൻസിനു പുറമേ അദാനി ഗ്രൂപ്പ്, എൽ ആൻഡ് ടി, ജിൻഡാൽ സ്റ്റീൽ, ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപറേഷൻ, എൻടിപിസി അടക്കമുള്ളവയും ഗ്രീൻ ഹൈഡ്രജൻ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

വാഹനങ്ങൾക്കും വ്യവസായങ്ങൾക്കും ഇന്ധനമെന്ന നിലയിൽ ഹൈഡ്രജന്റെ ഉപയോഗം വർധിക്കുമെന്ന സൂചനയാണ് നയം പങ്കുവയ്ക്കുന്നത്. 2025 ജൂണിനു മുൻപ് ഗ്രീൻ ഹൈഡ്രജൻ, അമോണിയ എന്നിവ ഉൽപാദിപ്പിക്കാൻ നിലവിൽ വരുന്ന കമ്പനികൾക്ക് 25 വർഷത്തേക്ക് സംസ്ഥാനാന്തര പ്രസരണ ചാർജുകൾ പൂർണമായും ഒഴിവാക്കി. ഒരു സംസ്ഥാനത്തെ പുനരുപയോഗ ഊർജ പ്ലാന്റിൽ നിന്നുള്ള വൈദ്യുതി ചെലവില്ലാതെ വേറൊരു സംസ്ഥാനത്ത് എത്തിച്ച് ഉൽപാദനം നടത്താം. ക്ലിയറൻസിനായുള്ള അപേക്ഷ ഓൺലൈൻ പോർട്ടലിൽ ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ അനുമതി നൽകിയിരിക്കണം. ഇലക്ട്രിക് ഗ്രിഡിലേക്കു കണക‍്റ്റ് ചെയ്യുന്നതിനും മുൻഗണന നൽകും. ഓരോ കമ്പനിയും മൊത്തം ഉപയോഗത്തിന്റെ നിശ്ചിത ശതമാനം പുനരുപയോഗ ഊർജം ഉപയോഗിക്കണമെന്നാണ് വ്യവസ്ഥ. ഒരു കമ്പനി അവരുടെ ആവശ്യത്തിനായി ഹരിത ഹൈഡ്രജൻ വാങ്ങിയാൽ അതും ഈ കണക്കിൽ ഉൾക്കൊള്ളിക്കാം. തുറമുഖങ്ങളിൽ അമോണിയ, ഹൈഡ്രജൻ എന്നിവ സൂക്ഷിക്കാനായി ബങ്കറുകൾ സ്ഥാപിക്കാൻ കമ്പനികൾക്കു സ്ഥലം വിട്ടുനൽകും

പുനരുപയോഗ സാധ്യതയുള്ള ഊർജസ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ഇലക്ട്രോളിസിസ് എന്ന ലളിതമായ പ്രക്രിയ കൊണ്ട് വെള്ളത്തിൽനിന്നു വേർതിരിച്ചെടുക്കുന്ന ഹൈഡ്രജനാണ് ഗ്രീൻ ഹൈഡ്രജൻ അഥവ ഹരിത ഹൈഡ്രജൻ. വാണിജ്യ ആവശ്യങ്ങൾക്ക് സ്റ്റീം മീഥെയ്ൻ റിഫോർമേഷൻ (എസ്എംആർ) എന്ന രീതിയാണ് ഉപയോഗിക്കുന്നത്. ഇതിൽ നിന്നു ലഭിക്കുന്നതിനെ ബ്രൗൺ ഹൈഡ്രജൻ എന്നു വിളിക്കുന്നു. എന്നാൽ ഈ പ്രക്രിയയുടെ ഫലമായി കാർബൺ മോണോക്സൈഡ് പുറന്തള്ളപ്പെടുന്നു. എസ്എംആർ രീതി ഉപയോഗിച്ച് കൂടുതൽ പരിസ്ഥിതി സൗഹൃദമായി തയാറാക്കുന്നതാണ് ബ്ലൂ ഹൈഡ്രജൻ. പ്രക്രിയയുടെ ഭാഗമായുണ്ടാകുന്ന കാർബൺ മോണോക്സൈഡ് പുറന്തള്ളാതെ സൂക്ഷിക്കും.

Source : Livenewage