ന്യൂഡൽഹി: 2024 മുതൽ രാജ്യത്ത് പ്ലാസ്റ്റിക് ഉപയോഗിക്കുന്ന ബ്രാൻഡുകൾ, തങ്ങളുത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ 50 ശതമാനമെങ്കിലും പുനരുപയോഗിക്കണമെന്ന് കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം. പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കുന്നതിന്റെ ഉത്തരവാദിത്തം ഉത്പാദകർക്കു തന്നെ നൽകുന്ന എക്സ്റ്റൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി (ഇപിആർ) തത്വം അനുസരിച്ചാണിത്. നേരിട്ട് റീസൈക്കിൾ ചെയ്യുകയോ റീസൈക്കിളിങ് പ്രക്രിയയ്ക്ക് ആവശ്യമായ പണം കമ്പനിയിൽനിന്ന് ഈടാക്കുകയോ ചെയ്യുന്നതാണ് ഇപിആർ രീതി. 2026ൽ 70% വരെയും 2028 മുതൽ 80% വരെയും പുനരുപയോഗം ഉറപ്പാക്കണം. ഇപിആർ ബാധകമായ നാലിനം പ്ലാസ്റ്റിക്കുകൾ സംബന്ധിച്ച വിവരവും വിജ്ഞാപനത്തിലുണ്ട്. ബ്രാൻഡുകൾക്കു പുറമേ ഉൽപാദകർ, ഇറക്കുമതി ചെയ്യുന്നവർ എന്നിവർക്കും ഇപിആർ ബാധകമാകും. പദ്ധതി ഏകോപനത്തിനായി പ്രത്യേക പോർട്ടൽ മാർച്ച് 31ന് നിലവിൽ വരും.

ഇപിആർ വ്യവസ്ഥകൾ പാലിക്കുന്നതുസരിച്ച് സർട്ടിഫിക്കറ്റുകൾ കമ്പനിക്കു ലഭിക്കും. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ജൂലൈ 1 മുതൽ രാജ്യമാകെ നിരോധിക്കുമെന്ന് കേന്ദ്രം മുൻപ് വ്യക്തമാക്കിയിരുന്നു. ഇവയുടെ വിൽപന, സൂക്ഷിക്കൽ, വിതരണം, കയറ്റുമതി എന്നിവയ്ക്കെല്ലാം നിരോധനം ബാധകമാണ്. 2016ലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ നിയമമാണ് ഭേദഗതി ചെയ്തത്. കമ്പനികൾ പാക്കിങ് വസ്തുവായി പുറത്തുവിടുന്ന പ്ലാസ്റ്റിക് സംസ്കരിക്കുന്നത് കമ്പനികളുടെ തന്നെ ചെലവിൽപ്പെടുത്തുന്ന ഇപിആർ ശക്തമായി നടപ്പാക്കാനുള്ള മാർഗരേഖകൾ വേണമെന്നും അന്നത്തെ ഭേദഗതി നിർദേശിച്ചിരുന്നു. പാൽ കവർ പോലെയുള്ള പാക്കേജിങ് പ്ലാസ്റ്റിക്കിനു നിരോധനമില്ലെങ്കിലും അവ സംസ്കരിക്കേണ്ട ഉത്തരവാദിത്തം കമ്പനികൾക്കാണ്. 2016ലെ നിയമം വരുന്നതുവരെ പാക്കേജിങ് മാലിന്യം സംസ്കരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമായിരുന്നു

Source : Livenewage