തിരുവനന്തപുരം: ഔട്ടർ റിംഗ് റോഡിന്റെ നിർമ്മാണം അധികം വൈകാതെ ആരംഭിക്കുമെന്ന് കെ എൻ ബാലഗോപാൽ. ആവശ്യമെങ്കിൽ നാല് വരി പാതയിൽ നിന്നും ആറുവരി പാതയായി വികസിപ്പിക്കാവുന്ന തരത്തിലാണ് ഔട്ടർ റിംഗ് റോഡ് വിഭാവനം ചെയ്‌തിരിക്കുന്നത്. ഭാരതമാല പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി നാഷണൽ ഹൈവേ ഒഫ് ഇന്ത്യയുടെ അംഗീകാരം നൽകിയിട്ടുണ്ട്. 4500കോടി രൂപ ആകെ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്കായി ഭൂമിയേറ്റെടുക്കുന്നതിന്റെ പകുതി ചെലവ് സംസ്ഥാനമാണ് വഹിക്കുന്നത്. അതിന് 1000 കോടി രൂപ അനുവദിച്ചു. നിർമ്മാണം അധികം വൈകാതെ ആരംഭിക്കുമെന്നും അദ്ദേഹം ബഡ്ജറ്റിൽ പറഞ്ഞു.
റോഡുകൾക്കും പാലങ്ങൾക്കുമായി ആകെ 1207. 23 കോടി രൂപയാണ് അനുവദിച്ചത്.
പ്രധാന ജില്ലാ റോഡുകളുടെ വികസനത്തിനും പരിപാലനത്തിനുമായി 62.5 കോടി രൂപ.
സംസ്ഥാന പാതയ്ക്ക് സമാനതരമായി അന്താരാഷ്ട്ര നിലവാരത്തിൽ റെസ്റ്റ് സ്റ്റോപ്പ് സ്റ്റേഷനുകൾ നടപ്പാക്കുന്നുണ്ട്. അതിനായി 2 കോടി രൂപ അനുവദിച്ചു.
റോഡ് നിർമ്മാണത്തിനായി നവീന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിച്ച് ചേർത്ത് ടാറിംഗ് നടത്തുന്നുണ്ട്. തുടർന്നും അത് പ്രയോജനപ്പെടുത്തും.
ദീർഘകാലം ലക്ഷ്യം കണ്ട് ഔട്ട് പുട്ട് ആൻഡ് പെർഫോമൻസ് ബേസ്ഡ് റോഡ് മെയിന്റനൻസ് കോൺട്രാക്ട് നടപ്പിലാക്കും. കുറഞ്ഞത് 7 വർഷത്തെ സേവനം ഉറപ്പുവരുത്തും.
വകുപ്പിൽ പദ്ധിതികളുടെ മേൽനോട്ടത്തിനും വിലയിരുത്തലിനുമായി പ്രൊജക്ട് മോണിറ്ററിംഗ് സോഫ്ട് വെയർ വികസിപ്പിക്കും.
സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഇരുപത് ജംഗ്ഷനുകൾ കണ്ടെത്തി വികസിപ്പിക്കും. പദ്ധതിക്കായി കിഫ്ബിയിൽ നിന്നും 200 കോടി വകയിരുത്തും.
ഗതാഗതക്കുരുക്ക് കൂടുതലുള്ള സ്ഥലങ്ങൾ കണ്ടെത്തി ബൈപ്പാസുകൾ നിർമ്മിക്കും. ഇങ്ങനെ ആറ് ബൈപ്പാസുകൾ നിർമ്മിക്കാൻ 200 കോടി ഫണ്ട് വകയിരുത്തി.
തിരുവനന്തപുരം അങ്കമാലി എംസി റോഡ് വികസനത്തിനും കൊല്ലം - ചെങ്കോട്ട റോഡിനുമായി കിഫ്ബി വഴി 1500 കോടി അനുവദിച്ചു.
പ്രളയം ബാധിച്ച് നശിച്ച പാലങ്ങൾ നിർമ്മിക്കാൻ 92 കോടി അനുവദിച്ചു