കൊവിഡ് മൂലം മാതാപിതാക്കളിൽ ഒരാളെയോ ഇരുവരേയോ നഷ്ടപ്പെടുന്ന കുട്ടിക്ക് സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. കുട്ടിയുടെ പേരിൽ മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കും. ഓരോ കുട്ടിക്കും 18 വയസ് തികയും വരെ പ്രതിമാസം 2000 രൂപ അനുവദിക്കും. പദ്ധതിക്കായി ഈ വർഷം രണ്ട് കോടി രൂപ നീക്കി വച്ചു.
ഇതിന് പുറമെ, കേരളത്തിലെ കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനും വിശപ്പുരഹിത ബാല്യം എന്ന സുസ്ഥിര വികസനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുമായി ‘വിശപ്പ് രഹിത ബാല്യം’ പദ്ധതിക്ക് 61.5 കോടി രൂപയ വകയിരുത്തി. അങ്കണവാടിയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് ലക്ഷ്യം വച്ചുകൊണ്ട് ഭക്ഷണമെനുവിൽ മാറ്റം വരുത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. അങ്കണവാടിയിൽ ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും ഉൾപ്പെടുത്തും.
ഇടുക്കി ജില്ലയിൽ ചിൽഡ്രൻസ് ഹോമും ആരംഭിക്കും. ഇതിനായി 1.3 കോടി രൂപ വകയിരുത്തി. സംസ്ഥാനത്ത് സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്‌സ് വിഭാഗങ്ങൾക്കും സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതിയ 14 സ്‌കീമുകൾ ആരംഭിക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
Source livenewage