തിരുവനന്തപുരം: പരമ്പരാഗത രീതികളെ കൈയൊഴിഞ്ഞ് കാർഷിക മേഖലയിൽ ഉൾപ്പെടെ നവീകരണത്തിന് ലക്ഷ്യമിട്ട് കെ.എൻ. ബാലഗോപാലിന്റെ ആദ്യ സമ്പൂർണ ബജറ്റ്. സയൻസ് പാർക്കുകൾ, ഡിജിറ്റൽ സർവകലാശാല എന്നിവയ്ക്കു പണം വകയിരുത്തിയ ധനമന്ത്രി കാർഷിക മേഖലയിൽ യന്ത്രവത്കൃത കൃഷിരീതികൾ പ്രോത്സാഹിപ്പിക്കണമെന്ന് ബജറ്റ് പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. കാർഷിക മേഖലയിൽ ട്രാക്ടറുകളേയും ഓഫീസുകളിൽ കമ്പ്യൂട്ടറുകളെയും എതിർത്ത സിപിഎം മാറി ചിന്തിക്കുന്നു എന്നതിനു കൂടി സാക്ഷ്യംവഹിക്കുന്നതായി ഇത്തവണത്തെ ബജറ്റ്. കേരള നിയമസഭയിൽ ആദ്യമായി ടാബിൽ ബജറ്റ് വായിച്ച് അവതരിപ്പിച്ച ധനമന്ത്രിയെന്ന റിക്കാർഡും ബാലഗോപാൽ സ്വന്തമാക്കി. കാർഷിക മേഖലയിലെ പരമ്പരാഗതരീതി മാറണമെന്നായിരുന്നു ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഊന്നിപ്പറഞ്ഞത്. കാർഷിക മേഖലകളിലെ പരമ്പരാഗത രീതിയും വലിയ ശാരീരിക അധ്വാനത്തിലൂടെയും ചെയ്യുന്ന രീതി മാറണമെന്ന് അദ്ദേഹം പറഞ്ഞു. തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ചെറു കാർഷിക ഉപകരണങ്ങൾ നമ്മുടെ നാട്ടിലും ഉപയോഗിക്കാൻ കഴിയണം. ഇതിന്റെ ഭാഗമായി കാർഷിക ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങാനായി വായ്പ നൽകുമെന്നും ധനമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്കിന് 100 കോടി രൂപയും നീക്കിവച്ചു. ജില്ലാ സ്കിൽ പാർക്കുകൾക്കായി 300 കോടി രൂപ നീക്കിവച്ചതായും മന്ത്രി അറിയിച്ചു. ഒരു ലക്ഷം പുതിയ തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കുമെന്നും സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 25 കോടി രൂപ നീക്കിവയ്ക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. ഫുഡ്പ്രോസസിംഗ് പാർക്ക് സ്ഥാപിക്കുന്നതിന് 100 കോടി രൂപയും അനുവദിച്ചു. വ്യവസായ വകുപ്പിന് കീഴിൽ 10 മിനി പാർക്കുകളാണ് സ്ഥാപിക്കുന്നത്. ഇതിനായി കിഫ്ബിയിൽനിന്നും 100 കോടി രൂപ അനുവദിക്കും. കാർഷിക മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണനത്തിനായും കമ്പനി രൂപീകരിക്കും. 100 കോടി രൂപ മൂലധനമുള്ള മാർക്കറ്റിംഗ് കമ്പനിയാണ് വരുന്നത്. സംസ്ഥാനത്ത് പുതിയ നാല് സയൻസ് പാർക്കുകൾ വരും. 1,000 കോടി രൂപ മുതൽ മുടക്കിലാണ് സയൻസ് പാർക്കുകൾ വരുന്നത്. ഡിജിറ്റൽ സർവകലശാലയ്ക്കു സമീപം ഡിജിറ്റൽ സയൻസ് പാർക്കും സ്ഥാപിക്കും. 5 ജി നെറ്റ്വർക്കുകൾ വ്യാപിപ്പിക്കാനായി ബജറ്റിൽ 5 ജി ലീഡർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. ലീഡർഷിപ്പ് പദ്ധതി നടപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കും. തെരഞ്ഞെടുത്ത ഇടനാഴികളിലാണ് കേരളത്തിൽ ആദ്യമായി 5 ജി ലീഡർഷിപ്പ് പദ്ധതി ആരംഭിക്കുക. തിരുവനന്തപുരം - കൊല്ലം, എറണാകുളം - കൊരട്ടി, എറണാകുളം - ചേർത്തല, കോഴിക്കോട് - കണ്ണൂർ എന്നിവിടങ്ങളിലാണ് വിപുലീകൃത ഐടി ഇടനാഴി പദ്ധതി വരുന്നത്.
Livenewage