കൊച്ചി: കോവിഡ് കാലം വിട്ടുണരുന്ന വ്യവസായ–ടൂറിസം രംഗങ്ങൾക്ക് 11ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ ഒട്ടേറെ ഉത്തേജന പാക്കേജുകൾ. ടൂറിസത്തിനു പ്രചാരണ പദ്ധതികളും ചെറുകിട വ്യവസായമേഖലയിൽ പുതിയ സംരംഭങ്ങൾ ആകർഷിക്കാൻ ഇൻസെന്റീവുകളും ഉണ്ടാവും.
പൊതുമേഖലാ സ്ഥാപനങ്ങളിൽ സർക്കാർ വീണ്ടും നിക്ഷേപം നടത്താൻ വിഹിതം നീക്കി വയ്ക്കുകയാണ്. സിമന്റ് മേഖലയിലും ഇലക്ട്രോണിക്സ് മേഖലയിലും അതുണ്ടാകും. കൊച്ചിയിൽ ആരംഭിക്കുന്ന സെമി കണ്ടക്ടർ പാർക്കിന് ബജറ്റിൽ മുൻഗണനയുണ്ട്. വ്യവസായ മേഖലയ്ക്കായി അടുത്തിടെ പ്രഖ്യാപിച്ച മാസ്റ്റർ പ്ലാനിന് അനുരൂപമായ പദ്ധതികളും വിഹിതവുമായിരിക്കും ബജറ്റിലുണ്ടാവുക. കെഎംഎംഎല്ലും കെഎസ്ഡിപിയും പോലെ വിജയകരമായി നടക്കുന്ന സംസ്ഥാന വ്യവസായങ്ങളെ കൂടുതൽ ശക്തിപ്പെടുത്തും. മാസ്റ്റർ പ്ലാനിന്റെ തുടർച്ചയായിട്ടാണ് പൊതുമേഖലയുടെ പുനരുജ്ജീവന പാക്കേജ്. ആദ്യമായി തോട്ടം മേഖല വ്യവസായ വകുപ്പിനു കീഴിൽ വന്നു എന്ന പ്രത്യേകത നടപ്പു സാമ്പത്തിക വർഷത്തിനുണ്ട്. തോട്ടംമേഖലയ്ക്ക് ഡയറക്ടറേറ്റ് സ്ഥാപിക്കൽ അവസാന ഘട്ടത്തിലാണ്. തോട്ടം മേഖലയുടെ പുനരുജ്ജീവനത്തിനും ബജറ്റിൽ വിഹിതമുണ്ടാകും.
ചെറുകിട വ്യവസായ രംഗത്ത് ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ഇക്കൊല്ലം സൃഷ്ടിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്നതിനാൽ സംരംഭകരെ ആകർഷിക്കാൻ പ്രോൽസാഹന പദ്ധതികൾക്ക് ബജറ്റിൽ വിഹിതമുണ്ടാകും. അനുമതി നൽകാൻ പഞ്ചായത്ത് തലങ്ങളിൽ മേളകൾ സംഘടിപ്പിക്കുന്നത് അതിന്റെ ഭാഗമാണ്.
Source livenewage