ന്യൂഡൽഹി: 20 കോടി രൂപക്ക് മുകളില്‍ വിറ്റുവരവുള്ള കമ്പനികള്‍ മറ്റ് വ്യാപാര സ്ഥാപനങ്ങളുമായി നടത്തുന്ന എല്ലാ ഇടപാടുകള്‍ക്കും (ബി2ബി) ഏപ്രില്‍ ഒന്നു മുതല്‍ ഇലക്ട്രോണിക് ഇന്‍വോയ്‌സ് നിര്‍ബന്ധമായിരിക്കുമെന്ന് കേന്ദ്ര പരോക്ഷ നികുതി - കസ്റ്റംസ് ബോര്‍ഡ് (സിബിഐസി) അറിയിച്ചു. ജിഎസ്ടി നിയമത്തിന് കീഴില്‍ വരുന്ന, 500 കോടിക്ക് മുകളില്‍ വിറ്റുവരവുള്ള കമ്പനികളുടെ ബി2ബി ഇടപാടുകള്‍ക്ക് 2020 ഒക്ടോബര്‍ ഒന്നു മുതല്‍ ഇ-ഇന്‍വോയ്‌സ് നിര്‍ബന്ധമാക്കിയിരുന്നു.പിന്നീട് 2021 ജനുവരി ഒന്നു മുതല്‍ ഈ നിബന്ധന 100 കോടിക്ക് മുകളില്‍ വിറ്റുവരവുള്ളവര്‍ക്കും നിര്‍ബന്ധമാക്കി. ശേഷം 2021 ഏപ്രില്‍ മുതല്‍ വിറ്റുവരവിന്റെ പരിധി 50 കോടിയായി കുറച്ചു. ഇതാണിപ്പോള്‍ വീണ്ടും 20 കോടിക്ക് മുകളില്‍ വിറ്റുവരവുള്ള എല്ലാ കമ്പനികളുടെ ഇടപാടുകള്‍ക്കും ബാധകമാക്കിയിരിക്കുന്നത്. അതോടൊപ്പം വിതരണക്കാര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ ഇ-ഇന്‍വോയ്‌സ് ആവശ്യമാണെന്ന് സിബിസിഐ അറിയിച്ചു. ഇ-ഇന്‍വോയ്‌സ് സമര്‍പ്പിച്ചില്ലെങ്കിൽ ഇന്‍പുട്ട് ക്രെഡിറ്റ് ടാക്‌സ് (നികുതി ഇളവ്) ലഭിക്കില്ലെന്ന് മാത്രമല്ല അപേക്ഷകന്‍ പിഴ ഒടുക്കേണ്ടിയും വരും.
Source : livenewage