കൊച്ചി: യുടിഐ മാസ്റ്റര്‍ഷെയര്‍ പദ്ധതി തുടക്കം മുതല്‍ ഇതുവരെ 15.97 ശതമാനം വാര്‍ഷിക വരുമാനം ലഭ്യമാക്കിയതായി 2022 ജനുവരി 31-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന സൂചികയായ എസ്ആന്‍റ്പി ബിഎസ്ഇ 100 ടിആര്‍ഐ ഇതേ കാലയളവില്‍ ലഭ്യമാക്കിയത് 14.45 ശതമാനം വരുമാനമാണ്. 1986 ഒക്ടോബറില്‍ പദ്ധതി ആരംഭിച്ചപ്പോള്‍ നിക്ഷേപിച്ചിരുന്ന പത്തു ലക്ഷം രൂപ ഇപ്പോള്‍ 18.73 കോടി രൂപയായി വളര്‍ന്ന് 35 വര്‍ഷം കൊണ്ട് 190 മടങ്ങിലേറെ നേട്ടം നല്‍കിയതായാണ് ഇതു സൂചിപ്പിക്കുന്നത്.
പദ്ധതിക്ക് 6.85 ലക്ഷം സജീവ നിക്ഷേപകരിലൂടെ 9,600 കോടി രൂപയിലേറെ നിക്ഷേപമാണ് നിലവിലുള്ളത്. 4,200 കോടി രൂപയിലേറെ തുക ഇതിനകം പദ്ധതി ലാഭവിഹിതമായി നല്‍കിയിട്ടുമുണ്ട്. പ്രധാനമായും ലാര്‍ജ് ക്യാപ് ഓഹരികളിലാണ് ഈ ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതി നിക്ഷേപം നടത്തുന്നത്. അടിസ്ഥാനപരമായി ശക്തമായ കമ്പനികളില്‍ നിക്ഷേപിച്ച് നേട്ടമുണ്ടാക്കുന്നതാണ് പദ്ധതിയുടെ രീതി. ഉപഭോക്തൃ സേവനങ്ങള്‍, ഫാര്‍മ, ഓട്ടോമൊബൈല്‍, ടെലികോം, വ്യാവസായിക നിര്‍മാണം തുടങ്ങിയ മേഖലകളിലാണ് പദ്ധതി ഇപ്പോള്‍ കൂടുതലായി നിക്ഷേപം നടത്തിയിരിക്കുന്നത്
source livenewage