കൊച്ചി: വാർഷിക കയറ്റുമതി വരുമാനം ചരിത്രത്തിൽ ആദ്യമായി 40,000 കോടി ഡോളർ മറികടന്ന ഇന്ത്യ, ആഗോള റാങ്കിംഗിലും മുന്നേറ്റത്തിനൊരുങ്ങുന്നു. ആഗോള കയറ്റുമതി റാങ്കിംഗിൽ ഇന്ത്യ ഇപ്പോൾ 20-ാം സ്ഥാനത്താണ്. നടപ്പുവർഷം അവസാനിക്കുമ്പോഴേക്കും ആദ്യ 15 റാങ്കിനുള്ളിൽ ഇന്ത്യ എത്തുമെന്നാണ് വിലയിരുത്തലുകൾ.

യു.എ.ഇ., സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ്, ബെൽജിയം, തായ്‌വാൻ തുടങ്ങിയവയെയാണ് ഇന്ത്യ മറികടക്കുക. ലോക ബാങ്കിന്റെ റിപ്പോർട്ടുകൾ പ്രകാരം പട്ടികയിൽ ആദ്യ അഞ്ചു റാങ്കുകളിൽ യഥാക്രമം ചൈന, അമേരിക്ക, ജർമ്മനി, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയാണ്.

മാർച്ച് 23നാണ് നടപ്പുവർഷത്തെ ഇന്ത്യയുടെ വാണിജ്യാധിഷ്‌ഠിത കയറ്റുമതി വരുമാനം 40,000 കോടി ഡോളറെന്ന നാഴികക്കല്ല് പിന്നിട്ടത്. മാർച്ച് 31ന് സാമ്പത്തികവർഷം അവസാനിക്കുമ്പോഴേക്കും മൊത്തം വരുമാനം 41,000 ഡോളർ കടക്കുമെന്നാണ് കേന്ദ്ര പ്രതീക്ഷ. 2020-21ൽ 29,060 കോടി ഡോളറും 2019-20ൽ 31,430 കോടി ഡോളറുമായിരുന്നു വരുമാനം. 2018-19ലെ 33,102 കോടി ഡോളറാണ് ഇതിനുമുമ്പത്തെ റെക്കാഡ് ഉയരം.

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം നടപ്പുവർഷം ഏപ്രിൽ-ഫെബ്രുവരിയിൽ കയറ്റുമതി വരുമാനം മുൻവർഷത്തെ സമാനകാലയളവിലെ 25,655 കോടി ഡോളറിനേക്കാൾ 46.09 ശതമാനം മുന്നേറി 37,481 കോടി ഡോളറിൽ എത്തിയിരുന്നു. 3,547 കോടി ഡോളറാണ് ഫെബ്രുവരിയിലെ മാത്രം വരുമാനം; വളർച്ച 25.1 ശതമാനം. ഈമാസം ഒന്നുമുതൽ 23 വരെയുള്ള കയറ്റുമതി വരുമാനം 2,519 കോടി ഡോളറാണ്.

നേട്ടമായത് ചൈനയുടെ ക്ഷീണം

കൊവിഡ് പശ്ചാത്തലത്തിൽ ചൈനയിൽ നിന്ന് ഒട്ടേറെ ഉത്പാദക കമ്പനികൾ കൂടൊഴിഞ്ഞിരുന്നു. ബദൽരാജ്യമെന്നോണം ഒട്ടേറെ കമ്പനികൾ ഇന്ത്യയിലേക്ക് ചേക്കേറി.

ആത്മനിർഭർ ഇന്ത്യ, മെയ്ക്ക് ഇൻ ഇന്ത്യ തുടങ്ങിയ കാമ്പയിനുകളിലൂടെ ഇന്ത്യയെ മാനുഫാക്‌ചറിംഗ് ഹബ്ബാക്കുകയെന്ന ലക്ഷ്യവുമായി ഇതേസമയം കേന്ദ്രസർക്കാർ പ്രൊഡക്‌ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പി.എൽ.ഐ) എന്ന ആനുകൂല്യപദ്ധതിക്ക് തുടക്കമിട്ടതും കയറ്റുമതിക്ക് കരുത്തായി.

എൻജിനിയറിംഗ്, പെട്രോളിയം, ജെം ആൻഡ് ജുവലറി തുടങ്ങിയവയാണ് ഇന്ത്യ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്നത്. കൊവിഡിൽ ഇവയ്ക്ക് വില ഉയർന്നെങ്കിലും ആവശ്യകത കുറഞ്ഞില്ലെന്നതും വരുമാനക്കുതിപ്പിന് സഹായകമായി.

മുഖ്യ വിപണികൾ

(പ്രധാന കയറ്റുമതി വിഭാഗവും മുഖ്യവിപണിയും)

 എൻജിനിയറിംഗ് ഉത്‌പന്നം : അമേരിക്ക

 പെട്രോളിയം ഉത്‌പന്നം : യു.എ.ഇ

 ജെം ആൻഡ് ജുവലറി : ചൈന

 കെമിക്കലുകൾ : ബംഗ്ളാദേശ്

 മരുന്നുകൾ : നെതർലൻഡ്‌സ്

കരുത്തുകാട്ടിയ മേഖലകൾ

(ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ മുന്നിലുള്ള മേഖലകളും ഫെബ്രുവരിയിലെ വള‌ർച്ചയും)

 എൻജിനിയറിംഗ് ഉത്പന്നങ്ങൾ : 32.04%

 പെട്രോളിയം ഉത്പന്നങ്ങൾ : 88.14%

 ജെം ആൻഡ് ജുവലറി : 18.02%

 കെമിക്കലുകൾ : 25.38%

 വസ്‌ത്രം : 18.66%

മുന്നേറ്റപ്പാത

(കഴിഞ്ഞ സാമ്പത്തികവർഷങ്ങളിലെ കയറ്റുമതി വരുമാനം - തുക കോടിയിൽ)

 2017-18 : $30,280

 2018-19 : $33,100

 2019-20 : $31,430

 2020-21 : $29,060

 2021-22 : $40,000

കയറ്റുമതിയിൽ ചരിത്രനേട്ടം കൊയ്‌ത ഇന്ത്യയ്ക്ക് വെല്ലുവിളികളുമുണ്ട്. വ്യാപാരക്കമ്മിയുടെ കുതിപ്പാണ് തലവേദന. നടപ്പുവർഷം കയറ്റുമതി വരുമാനത്തിലെ മൊത്തം വർദ്ധന 12,000 കോടി ഡോളറോളമാണ്. ഇറക്കുമതി 20,000 കോടി ഡോളറും ഉയർന്നു. ഇതോടെ, കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി 19,000 കോടി ഡോളറായി; ഇത് റെക്കാഡാണ്. കഴിഞ്ഞവർഷം 10,200 കോടി ഡോളറായിരുന്നു.

Source Livenewage