ന്യൂഡൽഹി: ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി ചെലവ് നടപ്പു സാമ്പത്തിക വർഷം (2021-22) 10000 കോടി ഡോളർ (7.50 ലക്ഷം കോടി രൂപ) കവിഞ്ഞേക്കും. ഏപ്രിൽ 2021 - ജനുവരി 2022 കാലയളവിൽ ആകെ ചെലവ് 9,430 കോടി ഡോളർ (7.07 ലക്ഷം കോടി രൂപ) ആയെന്ന് പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ളാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പി.പി.എ.സി) കണക്കുകൾ വ്യക്തമാക്കി. ജനുവരിയിൽ മാത്രം 1160 കോടി ഡോളറിന്റെ (87000 കോടി രൂപ) ഇറക്കുമതി നടന്നു. 2021 ജനുവരിയിൽ ഇറക്കുമതി 770 കോടി ഡോളറിന്റേതായിരുന്നു (57750 കോടി രൂപ). ജനുവരിയിൽ ബാരലിന് 89 ഡോളറായിരുന്നു ഇന്ത്യയുടെ വാങ്ങൽച്ചെലവ്. ഈ മാസം ഇത് 100.71 ഡോളറാണ്. ജനുവരിയേക്കാൾ പത്ത് ശതമാനത്തിലധികമാണ് ഫെബ്രുവരിയിലെ വാങ്ങൽച്ചെലവ്. ഫെബ്രുവരിയിലെ ഔദ്യോഗിക കണക്കുകൾ പിന്നീടേ അറിയൂ. മാർച്ചിൽ രാജ്യത്ത് പെട്രോൾ, ഡീസൽവില കുത്തനെ കൂടുമെന്ന സൂചനയാണ് ക്രൂഡോയിൽ വില, വാങ്ങൽച്ചെലവ് എന്നിവയിലെ വർദ്ധന നൽകുന്നത്.
Source : Livenewage