ന്യൂഡല്ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ. ഭക്ഷണത്തിനും അവശ്യസാധനങ്ങള്ക്കുമായി ശ്രീലങ്കയ്ക്കുള്ള നൂറ് കോടി ഡോളറിന്റെ അടിയന്തര സഹായം നല്കുന്ന കരാറില് ഒപ്പുവെക്കാന് തയ്യാറെടുക്കുകയാണ് ഇന്ത്യ. ശ്രീലങ്കന് ധനമന്ത്രി ബേസില് രജപക്സെ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്ശിച്ചിരുന്നു.

ക്ഷാമവും പണപ്പെരുപ്പവും കാരണം ബുദ്ധിമുട്ടുന്ന ശ്രീലങ്കയ്ക്ക് ആശ്വാസകരമാണ് ഇന്ത്യയുടെ സഹായം. 2020-ല് കോവിഡ് നിയന്ത്രണങ്ങള് ആരംഭിച്ചതോടെയാണ് ശ്രീലങ്കയില് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നത്. വിദേശനാണയ ശേഖരം കാലിയായതോടെയാണ് ശ്രീലങ്കയില് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. ഊര്ജപ്രതിസന്ധിയടക്കം വര്ദ്ധിച്ചതോടെ ജനങ്ങള് തെരുവിലിറങ്ങുന്ന സ്ഥിതി വരെ ശ്രീലങ്കയിലുണ്ടായി. ഇതിനിടെയാണ് സഹായം തേടി ശ്രീലങ്കന് ധനമന്ത്രി ബേസില് രജപക്സെ ഇന്ത്യയില് സന്ദര്ശനത്തിനെത്തിയത്. 

മൂന്ന് ദിവസത്തെ സന്ദര്ശനത്തിനായി ബുധനാഴ്ച ഡല്ഹിയിലെത്തിയ രജപക്സെ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്, ധനമന്ത്രി നിര്മ്മല സീതാരാമന് എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ക്രെഡിറ്റ് ലൈന് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തുകയും ചെയ്തത്.

പാലാലി വിമാനത്താവളത്തിന്റെയും കാങ്കസന്തുറൈ തുറമുഖത്തിന്റെയും സംയുക്ത വികസനം സംബന്ധിച്ച മുന് നിര്ദേശങ്ങള് അന്തിമമാക്കാന് ശ്രീലങ്കയെ പ്രേരിപ്പിക്കുക എന്നതാണ് ഈ സഹായംകൊണ്ട് ഇന്ത്യ ലക്ഷ്യമിടുന്നത്. രണ്ടും തമിഴ്നാട് തീരത്തോട് ചേര്ന്നുള്ള ജാഫ്ന ഉപദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. 

മോദിയും രജപക്സെയും 'വിപുലമായ ഉഭയകക്ഷി വിഷയങ്ങള്' ചര്ച്ച ചെയ്തതായും ടൂറിസം, മത്സ്യബന്ധനം എന്നിവയ്ക്ക് പുറമെ ഊര്ജമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്ച്ച ചെയ്തതായി ശ്രീലങ്കന് ഹൈക്കമ്മീഷന് അറിയിച്ചു. ശ്രീലങ്കന് സമ്പദ്വ്യവസ്ഥയ്ക്ക് ഇന്ത്യ നല്കുന്ന പിന്തുണയ്ക്ക് രജപക്സെ നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചതായി ഇന്ത്യന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

2020 ഡിസംബറിലെ രജപക്സെയുടെ ഇന്ത്യാ സന്ദര്ശത്തിന് ശേഷം ഇന്ത്യ 1.4 ബില്യണ് ഡോളര് സഹായമാണ് ഇതുവരെ ശ്രീലങ്കയ്ക്ക് നല്കിയിട്ടുള്ളത്. 500 മില്യണ് ഡോളര് കടം, 400 മില്യണ് ഡോളര് കറന്സി സ്വാപ്പ്, ഏഷ്യന് ക്ലിയറിംഗ് യൂണിയനുമായുള്ള ലോണ് ഡെഫര്മെന്റിനായി 500 മില്യണ് ഡോളര് എന്നിവയാണ് ഇന്ത്യ നല്കിയ സഹായങ്ങള്.

സഹായത്തിന് ഇന്ത്യ ഉപാധികളൊന്നും വെച്ചിട്ടില്ലെങ്കിലും ഇന്ത്യയുടെ ഇടപെടലില് ഐഎംഎഫ് സഹായം നല്കി തുടങ്ങിയതോടെ നിരവധി ഇന്ത്യന് പദ്ധതികള്ക്ക് ഈയിടെ ശ്രീലങ്ക ഗ്രീന് സിഗ്നല് നല്കിയിരുന്നു. തമിഴ് ആധിപത്യമുള്ള വടക്ക്, കിഴക്ക് മേഖലകളിലേക്കുള്ള രാഷ്ട്രീയ വിഭജനം സംബന്ധിച്ച ശ്രീലങ്കയുടെ ഭരണഘടനയുടെ 13-ാം ഭേദഗതി ലങ്ക നടപ്പാക്കുന്നതില് ഇന്ത്യക്ക് താത്പര്യമുണ്ടെന്നതും ശ്രദ്ധേയമാണ്.  

പാലാലിയിലും കാങ്കസന്തുറൈയിലുമായി രണ്ട് 'കണക്റ്റിവിറ്റി' പദ്ധതികള് വേഗത്തില് പൂര്ത്തിയാക്കാന് ഇന്ത്യ ശ്രീലങ്കയെ സമ്മര്ദ്ദത്തിലാക്കുകയാണെന്ന് ഒരു ഉദ്യോഗസ്ഥന് പറഞ്ഞതായി ഇന്ത്യന് എക്സ്പ്രസ് റിപ്പോര്ട്ട് ചെയ്തു. ശ്രീലങ്കയിലെ ടൂറിസം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാന് ഈ രണ്ട് പദ്ധതികളും സഹായിക്കുമെന്നും റിപ്പോര്ട്ടുണ്ട്.

വടക്ക്-പടിഞ്ഞാറന് ശ്രീലങ്കയിലെ തലൈമന്നാറിനും തമിഴ്നാട്ടിലെ രാമേശ്വരത്തിനും ഇടയില് ഒരു ഫെറി സര്വീസ് പുനരാരംഭിക്കുന്ന കാര്യവും ഇരുപക്ഷവും പരിശോധിക്കുന്നുണ്ട്.

Source livenewage