ന്യൂഡൽഹി: യുക്രൈയിനെതിരെ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതോടെ ആഗോള വിപണിയില് അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളര് കടന്നു. ഏഴുവര്ഷത്തിനിടെ ഇതാദ്യമായാണ് അസംസ്കൃത എണ്ണവില 100 ഡോളര് പിന്നിടുന്നത്.
ആഗോളതലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപമെന്നുകരുതുന്ന സ്വര്ണവിലയെയും സ്വാധീനിച്ചു. രാവിലെ 9.20ലെ കണക്കുപ്രകാരം ആഗോള വിപണിയില് ഗോള്ഡ് ഫ്യൂച്ചേഴ്സ് 1.1ശതമാനം ഉയര്ന്ന് ഔണ്സിന് 1,932 ഡോളര് നിലവാരത്തിലെത്തി. സംസ്ഥാനത്ത് സ്വര്ണവില പവന് 680 രൂപ കൂടി 37,480 രൂപയിലെത്തി. ഗ്രാമിന് 4685 രൂപയുമായി. ഒരുവര്ഷത്തെ ഉയര്ന്ന നിലവാരത്തിലാണ് സ്വര്ണവില.
കഴിഞ്ഞ നവംബറിനുശേഷം 30ശതമാനത്തിലേറെയാണ് എണ്ണവിലയിലുണ്ടായ വര്ധന. കോവിഡിന്റെ ആഘാതത്തില്നിന്ന് ആഗോളതലത്തില് സമ്പദ്ഘടനകള് തിരിച്ചുവരവ് നടത്തിയതോടെ ഡിമാന്റ് കൂടിയതാണ് നേരത്തെ ഘട്ടംഘട്ടമായി വിലവര്ധനയ്ക്ക് കാരണമായത്.
റഷ്യ-യുക്രൈന് സംഘര്ഷംകൂടിയായപ്പോള് ദിനംപ്രതിയെന്നോണം വിലവര്ധിച്ചു. സൈനിക നീക്കത്തോടെ ആഗോളതലത്തില് റഷ്യക്കുമേല് ഉപരോധമുണ്ടാകാനും രാജ്യത്തെ എണ്ണവ്യവസായത്തെ ബാധിക്കാനും ഇടയാക്കിയേക്കാം. ഇത് വിപണിയില് ലഭ്യതക്കുറവുണ്ടാക്കും. സംഘര്ഷം തുടര്ന്നാല് വില പുതിയ ഉയരങ്ങള് കീഴടക്കിയേക്കാം. സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ആഗോളതലത്തില് അസംസ്കൃത എണ്ണവില വര്ധിക്കുന്നത് രാജ്യത്തെ സമ്പദ്ഘടനയ്ക്ക് കനത്ത ആഘാതമാകും. യുക്രൈനുമായി ബന്ധപ്പെട്ട് റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള പിരിമുറക്കം എണ്ണവിലയില് ഇനിയും വര്ധനവുണ്ടാക്കുമെന്നാണ് വിലയിരുത്തല്.
രാജ്യത്തെ വ്യാപാര കമ്മി വര്ധിക്കും. സമസ്തമേഖലകളിലും വിലക്കയറ്റം രൂക്ഷമാകുകയുംചെയ്യും. പ്രകൃതി വാതകം, യൂറിയ ഉള്പ്പടെയുള്ള മേഖലകളില് വിലക്കയറ്റം വ്യാപിക്കുന്നതോടെ 2022-23 സാമ്പത്തിക വര്ഷത്തില് റവന്യു ചെലവ് ബജറ്റ് എസ്റ്റമേറ്റിനേക്കാള് ഉയരാനിടയാക്കും.
2023 സാമ്പത്തിക വര്ഷത്തില് അസംസ്കൃത എണ്ണ ബാരലിന് 70-75 ഡോളര് നിലവാരത്തിലായിരിക്കുമെന്ന അനുമാനത്തിലാണ് ബജറ്റിനോടനുബന്ധിച്ചുള്ള സാമ്പത്തിക സര്വെ തയ്യാറാക്കിയത്. അതിനിടെയാണ് യുക്രൈന് സംഘര്ഷം ആഗോളതലത്തില് എണ്ണവിലവര്ധനയ്ക്കിടയാക്കിയത്. ഇതോടെ ബജറ്റില് നിശ്ചയിച്ചിരുന്ന വളത്തിന്റെ സബ്സിഡി 1.05 ലക്ഷം കോടിയില് ഒതുക്കാന് കഴിയാതെവരികയും ചെയ്യും.
പണപ്പെരുപ്പം കുതിച്ചാൽ
ബ്രന്റ് ക്രൂഡ് വില 98.23 ഡോളര് നിലവാരത്തിലെത്തിയിരിക്കുന്നു. 2014 സെപ്റ്റംബറിനുശേഷമുള്ള ഏറ്റവും ഉയര്ന്ന നിലവാരത്തിലാണ് വില. വര്ധന ഇനിയും തുടര്ന്നാല് രാജ്യത്തെ മൊത്തവില സൂചികയെ അത് നേരിട്ട് ബാധിക്കും. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്ത്തിയാകാന് കാത്തിരിക്കുകയാണ് സര്ക്കാര്. ആഗോള വിപണിയില് ഉയര്ന്ന വില തുടരുന്നതിനാല് രാജ്യത്തെ റീട്ടെയില് വില വര്ധിപ്പിക്കാതെ എണ്ണക്കമ്പനികള്ക്ക് മുന്നോട്ടുപോകാനാവില്ല.
നിലവില് ഇന്ധന വില മാറ്റമില്ലാത തുടര്ന്നിട്ടും ഉപഭോക്തൃ വില സൂചിക ആര്ബിഐയുടെ ക്ഷമതാപരിധിയായ ആറുശതമാനത്തിനുമുകളിലാണ്. തുടര്ച്ചയായ മാസങ്ങളില് വിലക്കയറ്റ സൂചിക മുകളിലേയ്ക്കാകുമ്പോള് സ്വാഭാവികമായും നിരക്കുയര്ത്താന് ആര്ബിഐ നിര്ബനധിതമാകും. ഒമിക്രോണ് ഭീഷണിയെതുടര്ന്ന് സമ്പദ്ഘടനയ്ക്ക് താങ്ങാകാനാണ് ഈമാസം പണവായ്പ നയത്തില് ആര്ബിഐ നിരക്കുയര്ത്താതിരുന്നത്. ഇതോടെ വരുന്ന വായ്പാനയത്തില് നിരക്കുയര്ത്താതെ മുന്നോട്ടുപോകാന് ആര്ബിഐക്കാവില്ല. അതോടെ വിലക്കറ്റത്തോടൊപ്പം പലിശ നിരക്ക് വര്ധനയും നേരിടേണ്ടിവരും.