ന്യൂഡൽഹി: കേന്ദ്രസർക്കാർ നിർത്തലാക്കിയ ഗാർഹിക പാചകവാതക സബ്സിഡി, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സ്ത്രീകൾക്കു പാചകവാതക കണക്‌ഷൻ നൽകുന്ന പ്രധാനമന്ത്രി ഉജ്വൽ യോജനയുടെ (പിഎംയുവൈ) ഗുണഭോക്താക്കൾക്കെങ്കിലും നൽകണമെന്ന് പാർലമെന്റ് സ്ഥിരം സമിതിയുടെ ശുപാർശ. വർഷത്തിൽ കുറഞ്ഞത് 4 സിലിണ്ടറുകൾക്കെങ്കിലും നൽകണമെന്നും അതു നൽകിയില്ലെങ്കിൽ പിഎംയുവൈ ഗുണഭോക്താക്കൾ എൽപിജി സിലിണ്ടർ ഉപയോഗിക്കുന്നതു നിർത്തുമെന്നും പദ്ധതി തന്നെ പരാജയപ്പെടുമെന്നും സമിതി മുന്നറിയിപ്പു നൽകി.
ബാക്കിയുള്ളവരുടെ സബ്സിഡി കാര്യത്തിൽ നിർദേശമൊന്നുമില്ല. ഗാർഹിക പാചകവാതക സബ്സിഡി നിർത്തലാക്കിയോ എന്ന ചോദ്യത്തിന് കേന്ദ്രം പതിവു മറുപടിയാണ് കഴിഞ്ഞ ദിവസവും പാർലമെന്റിൽ നൽകിയത്. സബ്സിഡിയുള്ള ഗാർഹിക എൽപിജിയുടെ വില നിയന്ത്രിക്കുന്നത് സർക്കാർ തുടരുന്നുവെന്നാണ് മന്ത്രി രാമേശ്വർ തേലിയുടെ മറുപടി. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജിയുടെ വില രാജ്യാന്തര വിലയെ ആശ്രയിച്ചിരിക്കും.
രാജ്യാന്തര വിപണിയിലെ വിലയും സർക്കാർ തീരുമാനവും അനുസരിച്ച് സബ്സിഡി കൂടുകയും കുറയുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.ഗാർഹിക പാചകവാതകത്തിനു സബ്സിഡി തിരിച്ചുവരില്ലെന്ന സൂചനയാണ് കേന്ദ്രസർക്കാരിന്റെ ബജറ്റ് രേഖകൾ നൽകുന്നത്. 2013–14 കാലത്തു റെക്കോർഡ് ഉയരത്തിലെത്തിയ ശേഷം ക്രൂഡ് വിലയിൽ കുറവു വന്നതോടെ 2020 ജൂലൈയിൽ പാചകവാതക വില ഘട്ടംഘട്ടമായി കുറഞ്ഞ് സബ്സിഡി നിരക്കായ 594 രൂപയിൽ എത്തി. അപ്പോഴാണ് കേന്ദ്രസർക്കാർ സബ്സിഡി ഒഴിവാക്കിയത്.
Source livenewage
2019- 20 ബജറ്റിൽ പാചകവാതക സബ്സിഡിക്ക് 22,635 കോടി രൂപ നീക്കിവച്ചിരുന്നെങ്കിൽ 2020–21ൽ ഇത് 3,559 കോടിയായി കുറച്ചു. 2022–23വർഷത്തേക്ക് 4000 കോടി മാറ്റിവച്ചിട്ടുണ്ട്. വടക്കു–കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ഗതാഗതച്ചെലവ് നേരിടാനാണ് തുക വർധിപ്പിച്ചതെന്നു സർക്കാർ വിശദീകരിക്കുന്നു. ഉപയോക്താക്കൾക്ക് സബ്സിഡി പുനഃസ്ഥാപിക്കാൻ ഉദ്ദേശ്യമില്ലെന്ന് ഇത് വ്യക്തമാക്കുന്നു. പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ കണക്കു പ്രകാരം രാജ്യത്തെ എൽപിജി ഉപയോക്താക്കളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 6.2% വർധിച്ചു. കഴിഞ്ഞ വർഷം 28.95 കോടി ആയിരുന്നത് ഈ വർഷം 30.53 കോടിയായി.