ന്യൂഡൽഹി: 2021-22 സാമ്പത്തിക വര്‍ഷം രാജ്യം ലക്ഷ്യമിട്ട ചരക്കുകയറ്റുമതി ലക്ഷ്യം സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകാന്‍ ഒമ്പത് ദിവസം ബാക്കി നില്‍ക്കെ മാർച്ച് 23 ന് കൈവരിച്ചു. ഇന്ത്യ എക്കാലത്തെയും ഉയർന്ന ചരക്ക് കയറ്റുമതി ലക്ഷ്യമായ 400 ബില്യൺ ഡോളർ നേടിയെന്നാണ് കേന്ദ്ര സര്ക്കാര്‍ അറിയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തു. ആദ്യമായാണ് ഒരു സാമ്പത്തിക വര്‍ഷം രാജ്യം 400 ബില്യണ്‍ ഡോളറിന്റെ ചരക്ക് കയറ്റുമതി നടത്തുന്നത്.

400 ബില്യൺ ഡോളറിന്റെ ചരക്ക് കയറ്റുമതിയെന്ന ലക്ഷ്യം രാജ്യം പിന്നിട്ടുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ നേട്ടത്തില്‍ കർഷകർ, നെയ്ത്തുകാർ, എംഎസ്എംഇകൾ, നിർമ്മാതാക്കൾ, കയറ്റുമതിക്കാർ എന്നിവരെ അഭിനന്ദനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി തന്‍റെ ട്വീറ്റില്‍ വ്യക്തമാക്കി.

ഒരോ മണിക്കൂറിലും 46 മില്ല്യണ്‍ യുഎസ് ഡോളറിന്‍റെ ശരാശരി കയറ്റുമതി ഈ കാലയളവില്‍ നടന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. മാസത്തില്‍ ഇത് 33 ബില്ല്യണ്‍ യുഎസ് ഡോളറിന്‍റെതായിരുന്നു. 2020-21 കാലത്ത് രാജ്യത്ത് നിന്നുള്ള ചരക്ക് കയറ്റുമതി 292 ബില്ല്യണ്‍ യുഎസ് ഡോളറിന്‍റെതാണെങ്കില്‍. 2021-22 കാലത്ത് ഇത് 400 ബില്ല്യണ്‍ എന്ന ലക്ഷ്യം കൈവരിച്ചു. 37 ശതമാനം വളര്‍ച്ചയാണ് ചരക്ക് കയറ്റുമതിയില്‍ രാജ്യം ഈ കാലയളവില്‍ കൈവരിച്ചത്.

വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും, ജില്ലകള്‍ കേന്ദ്രീകരിച്ചും കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളുടെ സാക്ഷാത്കാരമാണ് ഈ നേട്ടം എന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. കയറ്റുമതി രംഗത്തെ പ്രമോട്ടര്‍മാരെയും ഉത്പാദകരെയും ഒരേ രീതിയില്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളും വിജയിച്ചതായി കേന്ദ്രം പറയുന്നു.

 

ഈ സാമ്പത്തിക വര്‍ഷം 650 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതില്‍ സേവനങ്ങളുടെ കയറ്റുമതിയിലൂടെ 250 ബില്യണ്‍ ഡോളറാണ് രാജ്യം പ്രതീക്ഷിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സേവന കയറ്റുമതിയുടെ വിശദാംശങ്ങള്‍ കേന്ദ്രം പുറത്തുവിട്ടിട്ടില്ല.

Source Livenewage