ന്യൂഡൽഹി: അടുത്തയാഴ്ച നടക്കുന്ന റിസർവ് ബാങ്കിന്റെ പണവായ്പാ നയ അവലോകന യോഗത്തിൽ റിവേഴ്സ് റിപ്പോ നിരക്കുകളും പിന്നാലെ റിപ്പോ നിരക്കുകളും ഉയർത്തിയേക്കുമെന്ന സൂചന ശക്തമായതോടെ പലിശനിരക്കുകളിലും വർദ്ധനവുണ്ടായേക്കും. . 15 മുതൽ 40 വരെ ബേസിസ് പോയന്റിന്റെ വർദ്ധന വരുത്തിയേക്കുമെന്നാണ് വിലയിരുത്തൽ.
വിപണിയിൽ നിന്ന് വലിയ തോതിൽ വായ്പയെടുക്കാനുള്ള സർക്കാർ പദ്ധതിയാണ് നിരക്ക് ഉയർത്തലിന് കാരണമാകുക. സാമ്പത്തിക വർഷത്തിൽ മൊത്തം 14.1 ലക്ഷം കോടി രൂപ കടമെടുക്കേണ്ടിവരുമെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചത്. കോവിഡിനെതുടർന്ന് പ്രഖ്യാപിച്ച ഇളവുകളിൽ നിന്നുള്ള തിരിച്ചുപോക്കിന്റെ സൂചനയായി ഇതിനെ ഒരുവിഭാഗം ധനകാര്യവിദഗ്ദ്ധർ വിലയിരുത്തുന്നുണ്ട്. വായ്പാനയം സാധാരണ രീതിയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമമാകും ഇനി കേന്ദ്ര ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാകുക.
വിപണിയിൽ പണലഭ്യത കൂട്ടാൻ സര്&സർക്കാർ സെക്യൂരിറ്റികൾ വൻ തോതിൽ തിരികെ വാങ്ങുന്ന പദ്ധതിയിൽ നിന്ന് ആർബിഐ പിന്മാറുകയാണ്. റിവേഴ്സ് റിപ്പോ നിരക്ക് വർധനയാണ് അടുത്ത നടപടി. 2020 മെയ്മാസം മുതൽ റിവേഴ്സ് റിപ്പോ നിരക്ക് കുറഞ്ഞ നിരക്കായ 3.35 ശതമാനത്തിൽ തുടരുകയാണ്. സാധാരണ രീതിയിൽ റിവേഴ്സ് റിപ്പോ, റിപ്പോ നിരക്കുകളിൽ 25 ബേസിസ് പോയന്റിന്റെ വ്യത്യാസമാണ് നിലനിറുത്താറുള്ളത്. കോവിഡ് വ്യാപനത്തെതുടർന്ന് 2020 മാർച്ചിലാണ് സമ്പദ്ഘടനയ്ക്ക് താങ്ങാകാൻ ഇരുനിരക്കുകൾ തമ്മിൽ ഒരുശതമാനംവരെ വ്യത്യാസം വരുത്തേണ്ടിവന്നത്.
വായ്പായനയം സാധാരണ രീതിയിലേയ്ക്കുകൊണ്ടുവരുന്നതിന്റെ ഭാഗമായി അടുത്തഘട്ടത്തിൽ റിപ്പോ നിരക്കുകളും വർധിപ്പിച്ചേക്കും. ഓഗസ്റ്റിനും ഡിസംബറിനുമിടയിൽ മുക്കാൽ ശതമാനം(0.75ശതമാനം) വർധന വരുത്തിയേക്കാം. അതായത് ഈ കലണ്ടർ വർഷത്തിൽ തന്നെ റിപ്പോ നിരക്ക് 4.75ശതമാനമായി വർധിക്കാനുള്ള സാധ്യതയാണുള്ളത്. നിരക്കുകൾ ഉയർത്തുന്നതോടെ നിക്ഷേപ-വായ്പ പലിശയിൽ വർധനവുണ്ടാകും.