ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ വലിയ ഓഹരിവിറ്റഴിക്കൽ ലക്ഷ്യം കൈവരിക്കാൻ കഴിയുന്നില്ലെന്ന് പാർലമെന്റിന്റെ സ്ഥിരം സമിതിയുടെ മുന്നിൽ സമ്മതിച്ച് കേന്ദ്രസർക്കാർ. വിറ്റഴിക്കലിലൂടെ വലിയ തുക ലക്ഷ്യം വച്ചിട്ട് അതു കൈവരിക്കാൻ കഴിയാതെ വരുന്നത് നല്ല രീതിയല്ലെന്നു മനസ്സിലായെന്നും പൊതുമേഖലാ ആസ്തി കൈകാര്യ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡേ സമിതിയെ അറിയിച്ചു.
ഓഹരിവിറ്റഴിക്കൽ വഴി ലക്ഷ്യം വയ്ക്കുന്ന തുക കുറച്ച കേന്ദ്രനടപടിയെക്കുറിച്ചുള്ള സമിതിയുടെ ചോദ്യത്തിനായിരുന്നു മറുപടി. ധനക്കമ്മി പരിഹരിക്കുന്നതിനു മാത്രമായി യാഥാർഥ്യബോധമില്ലാത്ത ഓഹരി വിറ്റഴിക്കൽ തുക ലക്ഷ്യം വയ്ക്കുന്നത് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിമൂല്യം ഇടിക്കുമെന്നും സമിതിക്കു നൽകിയ രേഖാമൂലമുള്ള മറുപടിയിൽ പറയുന്നു.
വിറ്റഴിക്കൽ ലക്ഷ്യത്തിൽ മാറ്റം വരുത്തുന്നത് സാമ്പത്തിക നിലയിൽ കാര്യമായ പ്രശ്നമുണ്ടാക്കുമെന്നു സമിതി മുന്നറിയിപ്പു നൽകി. വിശ്വാസ്യവും സുതാര്യവുമായിരിക്കണം വിറ്റഴിക്കൽ നടപടിയെന്നും സമിതി ചൂണ്ടിക്കാട്ടി. വിറ്റഴിക്കലിനു പുറമേ പൊതുമേഖലാ ആസ്തികൾ കൈകാര്യം ചെയ്യുന്നതിൽ എന്തൊക്കെ ചെയ്തുവെന്നതു സംബന്ധിച്ച് പൊതുമേഖലാ ആസ്തി കൈകാര്യ വകുപ്പ് (ഡിഐപിഎഎം) ഓരോ വർഷവും റിപ്പോർട്ട് പുറത്തിറക്കണം. മൂല്യം സൃഷ്ടിക്കുകയാണോ അതോ ഉള്ള മൂല്യം കൂടി നഷ്ടപ്പെടുത്തുകയാണോ ചെയ്തതെന്ന് ഇതിലൂടെ വ്യക്തമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
വിറ്റഴിക്കലിലൂടെ ഈ സാമ്പത്തികവർഷം 1.75 ലക്ഷം കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടെങ്കിലും പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഇത് 78,000 കോടിയാക്കി കുറച്ചു. അടുത്ത സാമ്പത്തിക വർഷം 65,000 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്.
Source Livenewage