ന്യൂഡല്‍ഹി: റഷ്യ - യുക്രൈന്‍ യുദ്ധവും തുടര്‍ന്നുണ്ടായ ആഗോള സാമ്പത്തിക അരക്ഷിതാവസ്ഥയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്. കോവിഡ് മഹാമാരിയുടെ കെടുതിയില്‍ നിന്നും വ്യത്യസ്ഥമായിരിക്കും ഇതെന്നും ഐഎംഎഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജെറി റൈസ് പറഞ്ഞു.
എണ്ണവില ഉയര്‍ന്നതിന്റെ പരിണതഫലം ഞെട്ടലുളവാക്കുന്നതും ആഗോളതലത്തില്‍ പ്രത്യാഘാതമുണ്ടാക്കുന്നതുമാണ്. ഇത് വിലകയറ്റത്തിലേയ്ക്കും വ്യാപാരകമ്മിയിലേയ്ക്കും നയിക്കും. എന്നാല്‍ കയറ്റുമതി വര്‍ധിപ്പിക്കുന്നതിലൂടെ വ്യാപാരകമ്മി കുറക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നും റൈസ് പറഞ്ഞു.
അതേസമയം യു.എസ്, യൂറോപ്യന്‍ യൂണിയന്‍, ചൈനീസ് സമ്പദ് വ്യവസ്ഥകള്‍ ചുരുങ്ങുന്നത് ഇന്ത്യന്‍ കയറ്റുമതിയെ ബാധിക്കും. വിതരണശൃംഖലയിലെ തകരാറ് ഇറക്കുമതി കുറയ്ക്കുമെന്നും ഇത് രാജ്യത്ത് വിലകയറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇത് കമ്പനികളുടെ ലാഭനഷ്ടത്തിലേയ്ക്കും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ മുരടിപ്പിനും കാരണമാകും.
എന്നാല്‍ ചൈനയ്ക്ക് ഇന്ത്യയുടെ അത്രതന്നെ ആഘാതം ഏല്‍ക്കേണ്ടിവരില്ലെന്നും റെസ് പറഞ്ഞു.
Source Livenewage