ന്യൂഡല്‍ഹി: പഞ്ചസാര കയറ്റുമതിയില്‍ വന്‍ കുതിച്ച് ചാട്ടം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഫെബ്രവരി വരെ കയറ്റുമതി 2.5 ശതമാനം വര്‍ധിച്ച് 47 ലക്ഷം ടണ്ണിലെത്തിയതായി ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്‍ (ഇസ്മ). ഉയര്‍ന്ന ഉത്പാദനവും ആഗോള വിപണിയില്‍ ഇന്ത്യന്‍ മധുരപലഹാരത്തിന്റെ  ആവശ്യകത വര്‍ധിച്ചതുമാണ് കയറ്റുമതിയില്‍ നേട്ടം കൈവരിക്കാനായത്.

ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് പഞ്ചസാര വിപണന വര്‍ഷം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 17.75 ലക്ഷം ടണ്ണായിരുന്നു പഞ്ചസാര കയറ്റുമതി. ഇസ്മയുടെ ഡാറ്റ അനുസരിച്ച് കരിമ്പിന്റെ മികച്ച വിളവു കാരണം 2021 ഒക്ടോബറിനും ഈ വര്‍ഷം മാര്‍ച്ച് 15 നും ഇടയില്‍ പഞ്ചസാര ഉത്പാദനം ഒന്‍പത് ശതമാനം ഉയര്‍ന്ന് 283.26 ലക്ഷം ടണ്ണായി.

കഴിഞ്ഞ വര്‍ഷം 2021 മാര്‍ച്ച് 15 വരെ 259.37 ലക്ഷം ടണ്‍ പഞ്ചസാര ഉല്‍പാദിപ്പിച്ചപ്പോള്‍ ഈ മാര്‍ച്ച് 15 വരെ 283.26 ലക്ഷം ടണ്‍ പഞ്ചസാര ഉല്‍പ്പാദിപ്പിക്കപ്പെട്ടതായി ഐഎസ്എംഎ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 15 വരെ 81 മില്ലുകള്‍ ക്രഷിംഗ് നിര്‍ത്തി. രാജ്യത്തെ 435 പഞ്ചസാര മില്ലുകള്‍ ഇപ്പോഴും പ്രവര്‍ത്തനം നടത്തുന്നുണ്ട്.

മഹാരാഷ്ട്രയില്‍ പഞ്ചസാര ഉത്പാദനം 94.05 ലക്ഷം ടണ്ണില്‍ നിന്ന് 108.95 ലക്ഷം ടണ്ണായി ഉയര്‍ന്നു. ഉത്തര്‍ പ്രദേശില്‍ 84.25 ലക്ഷം ടണ്ണില്‍ നിന്ന് 78.33 ലക്ഷം ടണ്ണായി കുറഞ്ഞു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇതുവരെ ഏകദേശം 64-65 ലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി കരാര്‍ ചെയ്തിട്ടുണ്ട്. 272 ലക്ഷം ടണ്‍ ആഭ്യന്തര ഉപഭോഗവും 333 ലക്ഷം ടണ്‍ ഉത്പാദനവും കണക്കാക്കുമ്പോള്‍, 75 ലക്ഷം ടണ്‍ കയറ്റുമതി ചെയ്യുന്നത് ഈ സെപ്റ്റംബര്‍ 30 ഉള്ളില്‍ പഞ്ചസാരയുടെ ക്ലോസിംഗ് സ്റ്റോക്ക് 68 ലക്ഷം ടണ്ണായി കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഇസ്മ പറഞ്ഞു.

Source :Livenewage