ദില്ലി: അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജി ഡി പി വളർച്ച 7.9 ശതമാനമായിരിക്കുമെന്ന് മോർഗൻ ആന്റ് സ്റ്റാൻലി റിപ്പോർട്ട്. ആഗോള തലത്തിൽ ഇന്ധന വില ഉയരുന്നത് ഇന്ത്യയുടെ വളർച്ചയുടെ വേഗം കുറയ്ക്കുമെന്നാണ് വ്യക്തമാക്കുന്നത്. 2022 ഏപ്രിൽ ഒന്ന് മുതൽ 2023 മാർച്ച് 31 വരെയുള്ള സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ചു.

ഇന്ധനത്തിന്റെയും മറ്റ് വസ്തുക്കളുടെയും വില വർധന രാജ്യത്തെ ദോഷകരമായി ബാധിക്കും. വാണിജ്യ-വ്യാപാര മേഖലയെ ഇത് തിരിച്ചടിക്കും. നിക്ഷേപകരെയും സമ്മർദ്ദത്തിലേക്ക് തള്ളിവിടുമെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ വിലക്കയറ്റം ആറ് ശതമാനമായിരിക്കുമെന്നും കരണ്ട് അക്കൗണ്ട് ഡെഫിസിറ്റ് പത്ത് വർഷത്തിലെ ഉയർന്ന നിരക്കായ മൂന്ന് ശതമാനത്തിലേക്ക് എത്തുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.

രാജ്യത്തെ ഇന്ധന ഉപഭോഗത്തിന്റെ 85 ശതമാനത്തിനും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. റഷ്യ - യുക്രൈൻ യുദ്ധത്തെ തുടർന്ന് ഇന്ധന വില 14 വർഷത്തിനിടയിലെ ഉയർന്ന നിരക്കായ 140 ഡോളറിലേക്ക് എത്തി. അതിനാൽ തന്നെ സമീപ ഭാവിയിൽ തന്നെ രാജ്യത്തെ ഇന്ധന വില കുതിച്ചുയരുമെന്നാണ് കരുതുന്നത്. സാധനങ്ങളുടെയാകെ വില വർധിക്കാൻ ഇത് ഇടയായേക്കും.

Source Livenewage