ടോക്യോ: എണ്ണവില രണ്ടാഴ്ചത്തെ കുറഞ്ഞ നിരക്കിലെത്തി. റഷ്യ -യുക്രൈന്‍ സമാധാന ചര്‍ച്ചകളും ചൈനയിലെ ഉയരുന്ന കോവിഡ് നിരക്ക് ഡിമാന്റ് കുറച്ചതുമാണ് എണ്ണവില ഇടിയാന്‍ കാരണമായത്. ഒരു ഘട്ടത്തില്‍ 6 ഡോളര്‍ കുറഞ്ഞ് 100.05 ഡോളറായിരുന്ന ബ്രെന്റ് അവധി വില നിലവില്‍ 4.4 ശതമാനം ഇടിഞ്ഞ് ബാരലിന് 102.16 ഡോളറിലാണുള്ളത്. യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് സൂചിക 4.2 ശതമാനം ഇടിഞ്ഞ് ബാരലിന് 100 ഡോളറായി. ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. രണ്ടുബെഞ്ചുമാര്‍ക്കുകളും കഴിഞ്ഞദിവസത്തേക്കാള്‍ 5 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്.

നിക്ഷേപകര്‍ എണ്ണയെ കയ്യൊഴിഞ്ഞതാണ് വില കുറയാന്‍ മറ്റൊരു കാരണം. വിപണിയിലെ അനിശ്ചിതത്വവും സാമ്പത്തിക മേഖലയുടെ മോശം പ്രകടനവുമാണ് നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍തിരിയാന്‍ കാരണം.

അതേസമയം റഷ്യയും യുക്രൈനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവച്ചാലും എണ്ണവില ഉയര്‍ന്നിരിക്കാനാണ് സാധ്യതയെന്ന് എന്‍എല്‍ഐ റിസര്‍ച്ചിലെ അനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു. മോസ്‌ക്കോയ്‌ക്കെതിരായ ഉപരോധങ്ങള്‍ പാശ്ചാത്യരാഷ്ട്രങ്ങള്‍ തുടരുന്നതാണ് കാരണം.

Source Livenewage