ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ച ജനുവരിയില്‍ 1.3 ശതമാനമായി വളര്‍ന്നുവെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

ഡിസംബറില്‍ ഇത് 0.7 ശതമാനമായിരുന്നു. കഴിഞ്ഞമാസം പുറത്തുവിട്ട കണക്കുപ്രകാരം ഇന്ത്യയുടെ എട്ട് പ്രധാന മേഖലകള്‍ 3.7 ശതമാനമാണ് ജനുവരിയില്‍ വളര്‍ന്നത്. തൊട്ടുമുന്‍പത്തെ മാസത്തില്‍ ഇത് 4.1 ശതമാനമായിരുന്നു.

രാജ്യത്തെ വ്യാവസായിക ഉത്പാദനത്തെ ആസ്പദമാക്കിയാണ് വ്യാവസായിക വളര്‍ച്ച അളക്കുന്നത്. പ്രധാന എട്ട് മേഖലകളും കൂടി വ്യാവസായിക ഉത്പാദനത്തിന് 40.3 ശതമാനം സംഭാവന നല്‍കുന്നു. ജനുവരിയില്‍ വ്യവസായിക ഉത്പാദനത്തില്‍ 0.6 ശതമാനത്തിന്റെ കുറവുണ്ടായി.

മൊത്തം വ്യാവസായിക ഉത്പാദനത്തിന്റെ മുക്കാല്‍ ഭാഗവും സംഭാവന നല്‍കുന്ന ഉത്പാദനമേഖല ജനുവരിയില്‍ 1.1 ശതമാനത്തോളം വളര്‍ച്ച കൈവരിച്ചു. എന്നാല്‍ മൂലധന ഉപഭോക്തൃ ഉത്പാദനം ചുരുങ്ങി. അസംസ്‌കൃതവസ്തുക്കളുടെ ഉത്പാദനം 5.4 ശതമാനം വര്‍ധിച്ചു. ഏപ്രില്‍ 2021 മുതല്‍ ജനുവരി 2022 വരെയുള്ള കാലഘട്ടത്തിലെ വ്യാവസായിക വളര്‍ച്ച 13.7 ശതമാനമാണ്. തൊട്ടുമുന്‍പത്തെ വര്‍ഷം അത് 12 ശതമാനം ചുരുങ്ങുകയായിരുന്നു.

Source Livenewage