തിരുവനന്തപുരം: മുന്നാക്കസമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക വകുപ്പ് രൂപവത്കരിക്കാനും മന്നത്ത് പദ്മനാഭൻ, വി.ടി. ഭട്ടതിരിപ്പാട്, മാർ ഇവാനിയോസ് തുടങ്ങിയരുടെ പേരിൽ സ്കോളർഷിപ്പ് നൽകാനും പിന്നാക്കാവസ്ഥ പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷന്റെ ശുപാർശ.
കമ്മിഷനും മുന്നാക്ക സമുദായ കോർപ്പറേഷനു കീഴിലെ സമുന്നതിയും സാമ്പത്തികമായി ദുർബലർക്കുള്ള വിഭാഗവും ചേർത്ത് പ്രത്യേക വകുപ്പും മന്ത്രിയും ഡയറക്ടറേറ്റും വേണമെന്നാണ് ശുപാർശ. സംവരണ ആനുകൂല്യങ്ങൾക്ക് കുടുംബത്തിന്റെ വാർഷിക വരുമാനം നാലുലക്ഷം രൂപയായി നിശ്ചയിച്ചു.
കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ, അംഗങ്ങളായ എം. മനോഹരൻ പിള്ള, എ.ജി. ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോർട്ട് കൈമാറിയിരുന്നു.
ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം പരിഗണിച്ച റിപ്പോർട്ട് വിശദമായി പഠിക്കണമെന്നു ഘടകകക്ഷി മന്ത്രിമാർ ആവശ്യപ്പെട്ടു. ശുപാർശകൾ മന്ത്രിമാർ പഠിച്ചശേഷം അടുത്ത മന്ത്രിസഭായോഗം വീണ്ടും പരിഗണിക്കും. തുടർന്ന് ശുപാർശകൾ സഹിതം റിപ്പോർട്ട് നിയമസഭയിൽ വെക്കും.
പ്രധാന ശുപാർശകൾ
* മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് ലൈഫ് ഭവന പദ്ധതിയിൽ മുൻഗണന നൽകുക.
* കിടപ്പുരോഗികൾ ഉൾപ്പെടെ ആശ്രയമറ്റവർക്കും അവശത അനുഭവിക്കുന്നവർക്കും ശരണാലയങ്ങൾ തുടങ്ങാൻ സഹായധനം നൽകുക.
* പി.എസ്.സി., ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്, സഹകരണ പരീക്ഷാ ബോർഡ് എന്നിവവഴിയുള്ള നിയമനങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് അനുവദിക്കുക.
* ദേശീയതലത്തിലെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുക.
* സമുന്നതിയുടെ സഹായധനം 100 കോടിയായി ഉയർത്തുക
* ആനുകൂല്യങ്ങൾക്ക് കുടുംബ വാർഷിക വരുമാനം നാലു ലക്ഷമാക്കുമ്പോൾ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും നിശ്ചിത അളവിൽ താഴെ ഭൂമിയുള്ളവരെ മാത്രം സംവരണപരിധിയിൽ ഉൾപ്പെടുത്തുക
* സർക്കാർ സർവീസുകളിൽ ഈ വിഭാഗത്തിനു ജനസംഖ്യാനുപാതികമായ ഉദ്യോഗ സംവരണം നടപ്പാക്കുക.
Source : NewLiveAge