മോസ്കോ: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച യുഎസ് നടപടിക്കു പിന്നാലെ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധപരമ്പരയെ സാമ്പത്തിക യുദ്ധം എന്നു വിശേഷിപ്പിച്ച് റഷ്യ. ഈ ഉപരോധങ്ങൾക്കു മറുപടിയായി തിരിച്ചും ഉപരോധങ്ങൾ പ്രഖ്യാപിക്കുമെന്ന സൂചന അവർ നൽകിക്കഴിഞ്ഞു. ‘ഞങ്ങളുടെ ഉപരോധം നിങ്ങൾക്കു താങ്ങാൻ കഴിഞ്ഞെന്നു വരില്ലെ’ന്ന ക്രെംലിന്റെ മുന്നറിയിപ്പ് റഷ്യൻ പ്രകൃതിവാതകത്തെയും ക്രൂഡ് ഓയിലിനെയും ആശ്രയിക്കുന്ന യൂറോപ്യൻ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ്. 

റഷ്യയ്ക്കെതിരെ ആഞ്ഞടിക്കുമ്പോഴും യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽ നിന്നുള്ള പ്രകൃതിവാതകം മുടക്കിയിരുന്നില്ല. ഇത്തരം ഉപരോധം ഏർപ്പെടുത്തിയാൽ യൂറോപ്യൻ രാജ്യങ്ങൾക്ക് താങ്ങാനായെന്നു വരില്ല.

അതേസമയം, റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ (ഇയു) രംഗത്തെത്തി. 14 വ്യക്തികൾക്കെതിരെകൂടി ഉപരോധം ഏർപ്പെടുത്തിയ ഇയു ബെലാറൂസ് സെൻട്രൽ ബാങ്കുമായുള്ള ഇടപാടുകൾ മരവിപ്പിച്ചു. 

∙ മക്ഡൊണാൾഡ്സ് റഷ്യയിലെ 850 സ്റ്റോറുകളും സ്റ്റാർബക്സ് 100 കോഫിഷോപ്പുകളും അടച്ചുപൂട്ടി. 

∙ മാൽബറോ സിഗരറ്റ് നിർമാതാക്കളായ ഫിലിപ്–മോറിസ് റഷ്യയിലെ ഭാവി നിക്ഷേപങ്ങളെല്ലാം റദ്ദാക്കി. 

∙ ജെപിഎസ്, ഡേവിഡോഫ് സിഗരറ്റ് നിർമാതാക്കളായ ഇംപീരിയൽ ബ്രാൻഡ്സ് റഷ്യയിലെ ഫാക്ടറിയിൽ ഉൽപാദനം നിർത്തി. കമ്പനി യുക്രെയ്നിലെ പ്രവർത്തനം നേരത്തേ അവസാനിപ്പിച്ചിരുന്നു. 

∙ ബ്രിട്ടിഷ് അമേരിക്കൻ ടുബാക്കോ റഷ്യയിലെ നിക്ഷേപങ്ങൾ നിർത്തിവച്ചു; നിലവിലുള്ള പ്രവർത്തനങ്ങൾ തുടരും. 

∙ യുക്രെയ്നിലെ കുട്ടികളെ സഹായിക്കുന്നതിനായി ഫുട്ബോൾ താരം ഡേവിഡ് ബെക്കാം 10 ലക്ഷം ഡോളർ സംഭാവന ചെയ്തു. 

∙ ഡച്ച് ബീയർ ബ്രാൻഡ് ആയ ഹയ്നെക്കൻ റഷ്യയിലെ ഉൽപാദനവും വിൽപനയും നിർത്തി. 

∙ ബ്രിട്ടിഷ് കമ്പനിയായ മദർകെയർ റഷ്യയിലെ വ്യാപാരം അവസാനിപ്പിച്ചു. കമ്പനിയുടെ ആകെ വിൽപനയുടെ 25 ശതമാനവും റഷ്യയിലാണ്.

∙ യൂണിവേഴ്സൽ മ്യൂസിക് റഷ്യയിലെ എല്ലാ ഓഫിസുകളും പൂട്ടി. 

ഡോ.റെഡ്ഡീസ് ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾ റഷ്യയിലെ പ്രവർത്തനം തുടരുമെന്ന് അറിയിച്ചു. റഷ്യ നിർമിച്ച കോവിഡ് വാക്സീനായ സ്പുട്നിക്കിന്റെ ഇന്ത്യയിലെ നിർമാതാക്കളാണ് ഡോ.റെഡ്ഡീസ്. മുന്നൂറോളം ഇന്ത്യൻ കമ്പനികളാണ് നിലവിൽ റഷ്യയിലുള്ളത്. പ്രവർത്തനം അവസാനിപ്പിക്കുന്നതോ ചുരുക്കുന്നതോ ആയി ഒരു കമ്പനിയും പ്രഖ്യാപിച്ചിട്ടില്ല.

Source : NewLiveAge