ദുബായ്: ഒപെക് (OPEC) അംഗമായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എണ്ണവിതരണം വര്‍ധിപ്പിച്ചതോടെ അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില കുറഞ്ഞു. ബെഞ്ച് മാര്‍ക്ക് സൂചികയായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബുധനാഴ്ച 13 ശതമാനം ഇടിഞ്ഞ് ബാരലിന് 111.14 ഡോളറായി. ഏപ്രില്‍ 21,2020 നു ശേഷം ബ്രെന്റ് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ഏകദിന ഇടിവാണ് ഇത്. യുഎസ് ക്രൂഡ് അവധിവ്യാപാരം ബുധനാഴ്ച 12.5 ശതമാനം താഴ്ന്ന് 108.70 ഡോളറായി. നവംബറിനു ശേഷമുള്ള വലിയ ഇടിവാണ് ഇത്.

എണ്ണ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനെ തങ്ങള്‍ പിന്തുണയ്ക്കുന്നതായും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്നതിന് മറ്റ് ഒപെക് രാഷ്ട്രങ്ങളോട് ആവശ്യപ്പെടുമെന്നും യുഎസിലെ യുഎഇ അംബാസിഡര്‍ യൂസഫ് അല്‍ ഒട്ടൈബ പറഞ്ഞു. ലോകമെമ്പാടുമുള്ള എല്ലാ എണ്ണയുത്പാദന രാജ്യങ്ങളോടും ഇതേ കാര്യം അവശ്യപ്പെട്ടിട്ടുണ്ടെന്ന് യുഎഇ അംബാസിഡര്‍ പറഞ്ഞു.

ആവശ്യത്തിന് എണ്ണ ശേഖരിക്കാന്‍ ശേഷിയുള്ള എണ്ണയുത്പാദന രാഷ്ട്രങ്ങളാണ് യു.എ.ഇയും സൗദി അറേബ്യയും. ഒപെക് രാജ്യങ്ങളുടെ അധിക എണ്ണ വിതരണത്തിലൂടെ റഷ്യ - യുക്രൈന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ രൂപം കൊണ്ട എണ്ണ ദൗര്‍ലഭ്യം പരിഹരിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

Source : NewLiveAge