കൊച്ചി: അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ദേശീയ തലത്തിൽ കൊച്ചി വിമാനത്താവളം മൂന്നാം സ്ഥാനത്ത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം മുഴുവൻ യാത്രക്കാരുടെ എണ്ണത്തിൽ സിയാൽ സ്ഥിരത നേടി. കൊവിഡ് കാലത്ത് സുരക്ഷിത യാത്ര ഉറപ്പാക്കാൻ നടത്തിയ ശ്രമങ്ങളാണ് നേട്ടത്തിന് സഹായിച്ചതെന്ന് കൊച്ചി വിമാനത്താവള കമ്പനി പ്രതികരിച്ചു.

കൊവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞ വർഷം ഡിസംബറിൽ ഏറ്റവും കൂടുതൽ യാത്രക്കാരെത്തിയത് ദില്ലി വിമാനത്താവളത്തിലാണ്. എട്ട് ലക്ഷത്തിലധികം യാത്രക്കാർ. നാല് ലക്ഷത്തിലധികം പേരുമായി മുബൈ രണ്ടാമത്. മൂന്നാം സ്ഥാനം കൊച്ചി വിമാനത്താവളത്തിന്. മൂന്ന് ലക്ഷത്തിലധികം യാത്രക്കാർ കഴിഞ്ഞ ഡിസംബറിൽ കൊച്ചി വഴി യാത്ര ചെയ്തു. നാലാമത് ചെന്നൈ ആണ്. കഴിഞ്ഞ വർഷം ആദ്യം മുതൽ ഡിസംബർ മാസം വരെ യാത്രക്കാരുടെ എണ്ണത്തിലെ വർധനവിൽ കൊച്ചി വിമാനത്താവളം സ്ഥിരത നേടി. കഴിഞ്ഞ വർഷം സിയാൽ വഴി മൊത്തം 43 ലക്ഷത്തിലധികം പേരാണ് യാത്ര ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് 10 ലക്ഷം യാത്രക്കാർ കൂടി. ഇതിൽ 1869690 പേർ രാജ്യാന്തര യാത്രക്കാരാണ്.

കൊവിഡ് കാലത്ത് സുരക്ഷിത യാത്രയൊരുക്കാൻ സിയാൽ മാനേജ്‌മെന്റ് നടത്തിയ ശ്രമങ്ങളുടെ വിജയമാണ് സുസ്ഥിരമായ ട്രാഫിക് വളർച്ചയ്ക്ക് കാരണമെന്ന് മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐ.എ.എസ് പറഞ്ഞു. രാജ്യത്തെ ഏറ്റവും സുരക്ഷതവും വൃത്തിയുള്ളതുമായ വിമാനത്താവളങ്ങളിൽ ഒന്നാണ് കൊച്ചി  എന്ന സന്ദേശം യാത്രക്കാരിലേക്ക് എത്തിക്കുന്നതിലും സിയാൽ വിജയിച്ചു. യു.കെ.യിലേയ്ക്ക് നേരിട്ട് സർവീസ് തുടങ്ങാനായതും സഹായകരമായി.ദുബായ് സുപ്രീം  കൗൺസിൽ ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് രാജ്യത്താദ്യമായി വിമാനക്കമ്പനികൾ യു.എ.ഇയിലേയ്ക്ക് സർവീസ് തുടങ്ങിയതും കൊച്ചിയിൽ നിന്നാണ്.

Source : Lienewage