ന്യൂഡൽഹി: ഇന്ധന വില വർധിക്കുന്നതിനൊപ്പം ജനങ്ങൾക്ക് അധിക ഭാരമില്ലാതിരിക്കാൻ എക്സൈസ് നികുതിയിൽ വീണ്ടും ഇളവു നൽകിയേക്കുമെന്ന് സൂചന. കഴിഞ്ഞ നാലുമാസമായി രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമുണ്ടായിട്ടില്ല. 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു കഴിഞ്ഞയുടനെ വില വർധനയുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എക്സൈസ് നികുതി കുറയ്ക്കുമോ എന്നതു സംബന്ധിച്ച് ബന്ധപ്പെട്ടവർ പ്രതികരിക്കാൻ തയാറായില്ല.

നിലവിലെ നഷ്ടം നികത്താൻ ഒറ്റയടിക്കു വില കൂട്ടാതെ ഘട്ടം ഘട്ടമായി 5–6 രൂപവരെ വില വർധന നടപ്പാക്കാനാണ് പെട്രോളിയം കമ്പനികൾ തീരുമാനിച്ചിരിക്കുന്നത്. അതോടൊപ്പം എക്സൈസ് നികുതി ഇളവു കൂടി വരുമ്പോൾ ജനങ്ങൾക്ക് വലിയ ഭാരം അനുഭവപ്പെടാതിരിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. കമ്പനികളും റീട്ടെയ്‌ലർമാരും ചെറിയ നഷ്ടം സഹിക്കേണ്ടി വരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ വർഷം നവംബർ മൂന്നിനു ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടായിട്ടില്ല. പെട്രോൾ, ഡീസൽ എന്നിവയുടെ കേന്ദ്ര എക്സൈസ് നികുതി യഥാക്രമം 5 രൂപയും 10 രൂപയും ദീപാവലിയോടനുബന്ധിച്ച് കുറച്ചിരുന്നു. ചില സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പു ഫലങ്ങൾക്കു ശേഷമായിരുന്നു ഇത്. പിന്നീടു രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞപ്പോഴും കഴിഞ്ഞ 2 മാസത്തോളമായി റെക്കോർഡ് വിലക്കയറ്റമുണ്ടായപ്പോഴും വില അനങ്ങാതെ നിൽക്കുന്നതിനു കാരണം തിരഞ്ഞെടുപ്പാണെന്ന് ആരോപണമുണ്ടായിരുന്നു. 

കുറയ്ക്കുന്നതിനു മുൻപ് പെട്രോളിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമായിരുന്നു കേന്ദ്രനികുതി. 2020ൽ കോവിഡ് വ്യാപനത്തെത്തുടർന്ന് ക്രൂഡോയിൽ വില കുറഞ്ഞപ്പോൾ കേന്ദ്രനികുതി ഒറ്റയടിക്ക് കൂട്ടിയിരുന്നു. 2 തവണയായി പെട്രോളിനു 13 രൂപയും ഡീസലിന് 16 രൂപയുമാണ് കേന്ദ്ര നികുതി 2020ൽ കൂട്ടിയത്. 2014ൽ ഒന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്രനികുതി.  ഇപ്പോൾ യഥാക്രമം 27.90 രൂപയും 21.80 രൂപയുമാണ് പെട്രോൾ, ഡീസൽ എക്സൈസ് തീരുവ. കേന്ദ്രസർക്കാർ നികുതി കുറച്ചപ്പോൾ കേരളമൊഴികെയുള്ള പല സംസ്ഥാനങ്ങളും സംസ്ഥാന നികുതിയിലും കുറവു വരുത്തി. 

Source Livenewage