തിരുവനന്തപുരം: സംസ്ഥാനത്തെ കുടുംബ ബജറ്റുകളുടെ താളം തെറ്റിച്ച് പലവ്യഞ്ജന വിലക്കയറ്റം. വറ്റൽമുളക് കിലോഗ്രാമിന് 80 രൂപ കൂടി. വിവിധ തരം പാചക എണ്ണയ്ക്കു 45 മുതൽ 90 രൂപ വരെ വർധിച്ചു. വെളിച്ചെണ്ണ ലീറ്ററിന് 20 രൂപയും, അരി കിലോഗ്രാമിന് 10 രൂപ വരെയും കൂടി. കോഴിയിറച്ചിക്ക് ഒരു മാസത്തിനിടെ 50 രൂപയാണ് ഉയർന്നത്. ആന്ധ്രപ്രദേശിലെയും തമിഴ്നാട്ടിലെയും കൃഷിനാശം, ഉൽപാദനക്കുറവ് എന്നിവയാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. സാധനങ്ങളുടെ പൂഴ്ത്തിവയ്പും വിലക്കയറ്റത്തിന് ഇടയാക്കുന്നതായി പരാതിയുണ്ട്.
വടിയരി കിലോഗ്രാമിന് 6 മുതൽ 10 രൂപ വരെ കൂടി. ശ്രീലങ്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഗ്രാമ്പൂ ഉൾപ്പെടെ സുഗന്ധവ്യഞ്ജനങ്ങൾക്ക് കിലോഗ്രാമിന് 200- 300 രൂപ കൂടി. അതേസമയം, പച്ചക്കറി വിപണിയില്‍ വിലക്കുറവുണ്ട്. ഡിസംബറിൽ 140 രൂപ വരെയെത്തി റെക്കോർഡിട്ട തക്കാളിക്ക്, നിലവിൽ 22 രൂപയാണ് ഹോർട്ടികോർപ് വിൽപനശാലകളിലെ വില. പലവ്യഞ്ജന വിലക്കയറ്റം ചെറുകിട ഹോട്ടലുകാരെയും പ്രതിസന്ധിയിലാക്കി. വിപണിയില്‍ സർക്കാർ ഇടപെടുന്നില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
ഒരു മാസം മുൻപ് ജീവനുള്ള കോഴിക്കു കിലോഗ്രാമിന് 130 രൂപയും ഇറച്ചിക്ക് 200 രൂപയുമായിരുന്നു വില. ഇതു യഥാക്രമം 160, 250 രൂപ വരെയായി. കോഴിത്തീറ്റയുടെ വില കൂടിയതാണു കാരണമായി പറയുന്നത്. 390 രൂപയായിരുന്ന മാട്ടിറച്ചിക്കു 400 രൂപയായി. ആട്ടിറച്ചി 700–800 നിലവാരത്തിലെത്തി.
Source.